സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ. ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്ത കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നതെന്ന് കെആർഎസ്എംഎ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 72 ലക്ഷം കുട്ടികൾ നവംബർ ഒന്നോടുകൂടി നിരത്തുകളിലേക്ക് ഇറങ്ങുകയാണ്. സ്കൂളുകളിലേക്കുള്ള അവരുടെ പ്രയാണം ആരംഭിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എടുത്തിരിക്കുന്ന നിലപാടുകൾക്കെതിരെ പരക്കെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോൾ.
കോവിഡ് രോഗശമനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറിയ അവസ്ഥയിൽ തന്നെയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾ അവരുടെ ആവലാതികൾ സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ പത്രമാധ്യമങ്ങളിലൂടെയും അറിയിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് യാതൊരു ചർച്ചയും കൂടാതെ ഏകപക്ഷീയമായി വിദഗ്ദ്ധ സമിതിയുടെ ഉപദേശം മുഖ്യമന്ത്രിയാണ് പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ഈ പ്രഖ്യാപനം തങ്ങൾ നേരത്തെ അറിഞ്ഞിരുന്നില്ല എന്നുള്ള പ്രതിഷേധം പൊതു മാധ്യമങ്ങളിലൂടെ വിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും ഞെട്ടലോടെ അറിയിക്കുകയും ചെയ്തു. കോളേജുകൾ എല്ലാം തന്നെ വരുന്ന ദിവസങ്ങളിൽ ആരംഭിക്കും. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായി സ്കൂളുകൾക്കുള്ള പ്രത്യേകത കുട്ടികൾ പതിനെട്ടുവയസിൽ താഴെയുള്ളവരാണ് എന്നാണ്.