പാമ്പാടി : പാമ്പാടി ടൗണിൽ മരണക്കുഴിയായി ഒടിഞ്ഞ സ്ളാബ് . ഒടിഞ്ഞ സ്ളാബിൽ വീണ മധ്യവയസ്ക്കക്ക് പരിക്കേറ്റു.
പാമ്പാടി ഡാലിയ ബാർ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വക ബിൾഡിംഗിൻ്റെ മുമ്പിലെ കോൺക്രീറ്റ് സ്ളാബ് കാൽനടക്കാർക്ക് ഭീഷണിയായി തുടരാൻ തുടങ്ങിയിട്ട് വർഷം ഒന്നാകുന്നു. പഞ്ചായത്ത് അധികാരികൾ വാടക കൃത്യമായി പിരിച്ചെടുക്കാറുണ്ടെങ്കിലും ഒടിഞ്ഞ സ്ളാബ് പുന: സ്ഥാപിക്കാൻ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.
ഈ ഒടിഞ്ഞ സ്ളാബിൽ നിന്നും ഏകദേശം 50 മീറ്റർ മാറി ഓവുചാൽ പൂർണ്ണമായി അടഞ്ഞ് അതിൽ നിന്നും മലിന ജലം പുറത്തേയ്ക്ക് ഒഴുകുവാൻ തുടങ്ങിയിട്ട് നാളുകളായി. ഇത് ഉയർത്തിക്കാട്ടി യുവജന സംഘടനകൾ സമരം നടത്തിയെങ്കിലും അധികൃതർ കണ്ടതായി നടിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മീനടം സ്വദേശിനി ഓമന ഒടിഞ്ഞ സ്ളാബിൽ വീണ് കാലിന് പരിക്കേറ്റതാണ് അവസാനമായി ഉണ്ടായ അപകടം. പാമ്പാടി ടൗണിൽ ബസ്സ് സ്റ്റാൻഡിലും , ഫുഡ് നോട്ട് റെസ്റ്റോൻ്റിൻ്റെ മുമ്പിലും ആയി നിരവധി സ്ഥലങ്ങളിൽ സ്ളാബ് തകർന്ന നിലയിലാണ്.
കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ കഴിയുന്ന വിധത്തിൽ പുതിയ സ്ളാബ് ഉടൻ പുന:സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് ഭരണനേതൃത്വം പരാതികളെയും പ്രതിഷേധങ്ങളെയും രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും ജനകീയ പ്രശ്നമായി കണ്ട് ഇടപെടുന്നില്ലെന്നുമാണ് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറയുന്നത്.
രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തി പഞ്ചായത്ത് ഭരണ സമിതി പ്രവർത്തിക്കണമെന്ന പൊതു ആവശ്യമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്.