ഈരാറ്റുപേട്ടയെ ആശങ്കയിലാഴ്ത്തി യുവാവ് മൊബൈല്‍ ടവറില്‍; നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍


ഈരാറ്റുപേട്ട: നാടിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി യുവാവ്. പൂഞ്ഞാര്‍ സ്വദേശി മുകളേല്‍ ബാബുവിന്റെ മകന്‍ ബിജു (36) ആണ് ടവറിനു മുകളില്‍ കയറിയത്.
ഈരാറ്റുപേട്ട കെഎസ്ഇബി ഓഫീസിനു സമീപമുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളിലാണ് യുവാവ് യാതൊരു സുരക്ഷാ ഉപകരണവും കൂടാതെ കയറിയത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് യുവാവിനെ ടവറില്‍ കയറുന്നതായി കണ്ടെത്തിയത്. അപ്പോഴേക്കും യുവാവ് ടവറിന്റെ പാതി ഉയരം പിന്നിട്ടിരുന്നു.
വിവരമറിഞ്ഞ് ഈരാറ്റുപേട്ട പോലീസും അഗ്നിശമന സേനയുമടക്കമുള്ളവര്‍ സ്ഥലത്തെത്തി. എന്നാല്‍ ഇതോടെ യുവാവ് ഏറ്റവും ഉയരത്തിലേക്കു കയറുകയായിരുന്നു.
തുടര്‍ന്ന് അരമണിക്കൂറോളം ഏറ്റവും ഉയരത്തില്‍ കഴിഞ്ഞതിനു ശേഷം യുവാവ് താഴേക്ക് തനിയെ ഇറങ്ങി വരികയായിരുന്നു. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും വിരാമമായി.
യുവാവ് എന്തിനാണ് ടവറിനു മുകളില്‍ കയറിയതെന്നു വ്യക്തമല്ല. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
أحدث أقدم