ഏറ്റുമാനൂർ ക്ഷേത്രത്തിൽ മാല നഷ്ടപ്പെട്ടത് മറച്ചുവച്ചു; തിരുവാഭരണ കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്




ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ  ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. തിരുവാഭരണ കമ്മിഷണർ ഉൾപ്പെടെ ആറുപേർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. മാല നഷ്ടപ്പെട്ട വിവരം ഉന്നതാധികാരികളിൽ നിന്ന് മറച്ചുവെച്ചതായി അന്വേഷണത്തിൽ  കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

തിരുവാഭരണ കമ്മിഷണർ എസ്. അജിത്കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസി. കമ്മിഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഏറ്റുമാനൂർ ദേവസ്വം മുൻ അസി. കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കാണ് നോട്ടിസ് അയച്ചത്. മാല നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥർ ഉന്നത അധികാരികളിൽ നിന്ന് മറച്ചു വെച്ചതായി ദേവസ്വം വിജിലൻസ് എസ്പി പി. ബിജോയി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു ജീവനക്കാരുടെ വീഴ്ച സംബന്ധിച്ചും ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തി. ഇതേ തുടർന്നാണ് ജീവനക്കാർക്ക് നോട്ടിസ് അയച്ചത്. 
 
ഇവരുടെ വിശദീകരണത്തിനു ശേഷം വകുപ്പ്തല നടപടി സ്വീകരിക്കും. ജൂലൈയിൽ പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് രുദ്രാക്ഷ മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. മുത്തുകൾ അടർന്നുപോയതാണെന്ന പറഞ്ഞ് സംഭവം ലഘൂകരിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. ഒരു മാസത്തിനുശേഷം ദൃശ്യ മാധ്യമങ്ങൾ വാർത്ത പുറത്തുകൊണ്ടുവന്ന ഘട്ടത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പോലും മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിൽ നിലവിലുള്ള 72 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല പൊലീസ് പ്രാഥമിക പരിശോധന നടത്തും. മാലയുടെ പഴക്കവും മറ്റുമാണ് ആദ്യം പരിശോധിക്കുക. കൂടുതൽ പരിശോധന ആവശ്യമെങ്കിൽ മാല  കസ്റ്റഡിയിലെടുക്കും.  

أحدث أقدم