ചെന്നൈ:കനത്തമഴയിൽ റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിലുള്ള സബ്വേയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. ഹൊസൂർ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ സത്യയാണ് (35) മരിച്ചത്. പിൻസീറ്റിൽ യാത്രചെയ്ത ഭർതൃമാതാവ് ജയം പുതുക്കോട്ട ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തുടൈയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് പ്രദേശത്ത് കനത്തമഴപെയ്തിരുന്നു. തകരാറായ അഴുക്കുചാൽസംവിധാനമായതിനാലാണ് അടിപ്പാതയിൽ വെള്ളം നിറഞ്ഞത്. സാധാരണ ഇങ്ങനെ വരുമ്പോൾ റെയിൽവേ ജീവനക്കാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തുകളയാറാണ് പതിവ്. എന്നാൽ, ഈ വിവരം അറിയാതെ കാറോടിച്ചുവന്ന സത്യ മുമ്പിൽപ്പോയ ലോറിക്കുപിന്നാലെ അടിപ്പാതയിലേക്ക് ഇറങ്ങി.
ലോറി കടന്നുപോയതിനാൽ ഓടിച്ചുപോകാമെന്ന കണക്കുകൂട്ടലിലാണ് ഇറങ്ങിയതെങ്കിലും പാതിവഴിയിൽ കാർ വെള്ളക്കെട്ടിൽ മുങ്ങി. എൻജിൻ പ്രവർത്തനരഹിതമായി. ഈസമയം മഴ കനത്തതോടെ അടിപ്പാതയിൽ അഞ്ചടിയോളം വെള്ളം നിറയുകയും ചെയ്തു. അതോടെ ഇരുവരും പുറത്തിറങ്ങാനാകാതെ കാറിലകപ്പെട്ടു.
പിന്നാലെത്തിയ ലോറിയുടെ ഡ്രൈവർമാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിൻസീറ്റിലിരുന്ന ജയത്തെ പുറത്തെടുക്കാനായെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ സത്യയെ രക്ഷിക്കാനായില്ല. പോലീസും അഗ്നിരക്ഷാസേനയും റെയിൽവേ അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.