ന്യൂഡൽഹി: ലോകനേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും രഹസ്യസമ്പാദ്യ വിവരങ്ങൾ അടങ്ങിയ ‘പാൻഡോറ രേഖ’കളിൽ കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവന്നു. മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവി ലഫ്. ജനറൽ രാകേഷ് കുമാർ ലൂംബ, മകൻ രാഹുൽ ലൂംബ, പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തൽ, റാഡികോ ഖെയ്‍താന്റെ ഉടമകളായ ലളിത് ഖെയ്‍താൻ, അഭിഷേക് ഖെയ്‍താൻ, ഡൽഹിയിലെ സീതാറാം ഭാർത്യ ആശുപത്രി നടത്തുന്ന കുടുംബം എന്നിവരുടെ പേരുകളാണ് ചൊവ്വാഴ്ച പുറത്തുവന്നത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സെയ്ഷൽസിൽ രാകേഷ് ലൂംബയും മകൻ രാഹുലും നിക്ഷേപത്തിനായി 2016 ൽ രാരിന്ത് പാർട്ണേഴ്സ് എന്ന കമ്പനി തുടങ്ങിയതായാണ് രേഖകളിൽ പറയുന്നത്. മൗറീഷ്യസിലെ എ ബി സി ബാങ്കിങ് കോർപ്പറേഷനുമായാണ് കമ്പനിയുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്. കമ്പനിക്ക് ഭാവിയിൽ ലഭിക്കാവുന്ന വാർഷിക വിറ്റുവരവായ 10 ലക്ഷം ഡോളർ നിക്ഷേപിക്കാനായിരുന്നു ഈ അക്കൗണ്ട് എന്നാണ് കണ്ടെത്തൽ. എന്നാൽ 2017-ൽ കമ്പനി പിരിച്ചുവിട്ടെന്നും ബിസിനസ് പദ്ധതി ഉപേക്ഷിച്ചതിനാൽ എ ബി സി ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടേയില്ലെന്ന് രാഹുൽ ലൂംബ പ്രതികരിച്ചു.
ADVERTISEMENT
2020 ജൂൺ മുതൽ തട്ടിപ്പ്, അധികാര ദുരുപയോഗം എന്നീ കുറ്റങ്ങൾക്ക് ബ്രിട്ടീഷ് കോടതിയിൽ പാപ്പരത്തനടപടി നേരിടുന്നയാളാണ് പ്രമോദ് മിത്തൽ. തനിക്ക് വരുമാനമില്ലെന്നും ആകെ സ്വത്ത് 1,50,000 പൗണ്ടിൽ അതായത് ഏകദേശം 15.24 കോടി രൂപയിൽ താഴെയാണെന്നുമാണ് ഇദ്ദേഹം കോടതിയിൽ ബോധിപ്പിച്ചത്.
റാഡികോ ഖെയ്‍താൻ എന്ന ഇന്ത്യൻ നിർമിത വിദേശമദ്യ കമ്പനിയുടെ ഉടമകൾക്ക് ഓഫ്ഷോർ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് രേഖകളിൽ പറയുന്നത്. ഇതിനുപുറമെ സീതാറാം ഭാർത്യ ആശുപത്രി ഉടമകൾക്ക് കെയ്മാൻ ദ്വീപിൽ 3.5 കോടി ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലെ കണ്ടെത്തൽ.