ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എല്‍ഡിഎഫ്







കോട്ടയം :   ഈരാറ്റുപേട്ട നഗരസഭയില്‍ ഒക്ടോബര്‍ 11ന് നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എല്‍ഡിഎഫ്; യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനം.                                                    
2021 ഡിസംബറില്‍ നടന്ന വിവിധ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ 28 സീറ്റുകളിലും എല്‍ഡിഎഫ് മത്സരിക്കുകയും ഒമ്പത് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.

അധികാര സ്ഥാനത്തിനു വേണ്ടി പുറത്തുനിന്നുള്ള വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കുകയും സ്ഥാനങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടുകളല്ല എല്‍ഡിഎഫിന് ഉള്ളത് എന്ന് നേതാക്കൾ പറഞ്ഞു.

ജനാധിപത്യവിരുദ്ധമായി, വിവേചനപരമായും പ്രവര്‍ത്തിക്കുന്ന യുഡിഎഫ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസം കൊണ്ടുവരുക എന്ന പ്രതിപക്ഷ കടമയാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. അവിശ്വാസത്തില്‍ പുറത്തായ അവസരം മുതലാക്കി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി മത്സരിക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ല.

ഈ സാഹചര്യത്തില്‍ വിജയസാധ്യതയില്ലാത്ത തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പിന്തുണച്ച് ഭരണത്തില്‍ വരുവാന്‍ എല്‍ഡിഎഫ് താല്പര്യപ്പെടുന്നില്ലന്നും ഒക്ടോബര്‍ 11ന് നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതായും നേതാക്കൾ അറിയിച്ചു.

Previous Post Next Post