തിരുവനന്തപുരം : കേരള പോലീസിന്റെ അഭിമാനം ഉയർത്തി മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്.
മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാർ ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി കെ അനീഷ്, കെഎപി മൂന്നാം ബറ്റാലിയനിലെ ഹവീൽദാർ അരുൺ അലക്സാണ്ടർ എന്നിവരാണ് സിവിൽ സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ൽ പോലീസിൽ ചേർന്നു. തൃശൂരിലെ പോലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ എത്തിയത്. മുൻ എം എസ് പി കമാന്റന്റ് അബ്ദുൽ കരീം, എസ് ഐ എസ് എഫ് കമാന്റന്റ് സിജിമോൻ ജോർജ് എന്നിവരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് തനിക്ക് ഈ വിജയം നേടാൻ കഴിഞ്ഞതെന്ന് ആനന്ദ് പറഞ്ഞു.