പാലക്കാട് ശ്രീകൃഷ്ണപുരം കല്ലുവഴിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുവഴി കുണ്ടില്‍വീട്ടില്‍ ദിലീപാണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ മംഗലാംകുന്ന് സ്വദേശി ശ്രീനുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇന്നലെ (വ്യാഴായിച്ച) ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. കല്ലുവഴി സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അരയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് ശ്രീനുമോന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും അടുത്തടുത്ത വീട്ടിലെ താമസക്കാരായിരുന്നു. ഈ സമയമുണ്ടായ ചില സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ശ്രീനുമോന്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം സ്ഥിരീകരിക്കുന്നത്. കൊലയ്ക്ക് ശ്രീനുമോന് മറ്റാരെങ്കിലും സഹായം ചെയ്തിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.