ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടി ഇളമ്പള്ളി നിവാസികൾ





പള്ളിക്കത്തോട് (കോട്ടയം ) :  വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേർന്നിരിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേർന്നുള്ള എലിക്കുളം-വാഴൂർ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങി എന്ന് നാട്ടുകാർ പറയുന്നു. 

കറിയുപ്പ് വിതറി കൊല്ലാൻ പലരും ശ്രമിക്കുണ്ട്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയിൽ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോ എന്ന ഭയവും നാട്ടുകാർക്ക് ഉണ്ട്.  

ഒച്ചിന്റെ ശല്യം വർധിച്ചതിനാൽ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കൻ ഒച്ചിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. പള്ളിക്കത്തോട് കൃഷിഭവനിലെ കൃഷി ഓഫീസർ പ്രവീണും, കൃഷി അസിസ്റ്റന്റുമാരായ പി.എസ്. ശശികല, എസ്. ഹീര എന്നിവരും സംഘത്തിനൊപ്പം ചേർന്നു.

പ്രതികൂല കാലാവസ്ഥയിൽ, മൂന്നുവർഷം വരെ തോടിനുള്ളിൽ സമാധിയിരിക്കാൻ കഴിവുണ്ട് ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക്. അതിനാൽ ഇവയെ നശിപ്പിക്കുക എളുപ്പമല്ല. ലിംഗ വ്യത്യാസം ഇല്ല. വർഷത്തിൽ അഞ്ചുമുതൽ ആറ് തവണ മുട്ടകൾ ഇടും. ഓരോ പ്രാവശ്യവും 800-900 മുട്ടകളിടും. 90 ശതമാനം മുട്ടകൾ വിരിയാറുമുണ്ട്. അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച് അഥവാ രാക്ഷസ ഒച്ച് പകൽ മണ്ണിൽ ഊഴ്ന്നിറങ്ങി ഒളിച്ചിരിക്കും. ഇരതേടലും സഞ്ചാരവും രാത്രിയിലാണ്. 


أحدث أقدم