തൃശ്ശൂർ: അർദ്ധരാത്രി സ്വകാര്യ വ്യക്തികളുടെ വീട്ടു പറമ്പുകളിൽ കെ-റെയിൽ സർവേ കല്ല് സ്ഥാപിച്ചതായി പരാതി. തൃശ്ശൂരിലാണ് കെ-റെയിൽ പദ്ധതിക്ക് മുന്നോടിയായിട്ടുള്ള സർവേ കല്ല് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ മുന്നറിയിപ്പില്ലാതെ സ്ഥാപിച്ചത്. രാവിലെ അതിര് കല്ല് കണ്ട് അമ്പരന്ന ആളുകൾ വിവരം അന്വേഷിച്ച് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും വസ്തുവിന്റെ ഉടമസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇവർ പറയുന്നു.
കൂർക്കഞ്ചേരി വില്ലേജിൽ സോമിൽ റോഡ് ഭാഗത്ത് റെയിൽവേ ലൈനിനോട് ചേർന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം രാത്രി അതിര് കല്ലിട്ട് പോയത്. കൂർക്കഞ്ചേരി ഭാഗത്തെ 12 വീടുകളുടെ പറമ്പിലും പൂങ്കുന്നത്ത് 5 വീടുകളുടെ അതിർത്തിപരിധിയിലും കല്ല് ഇട്ടിട്ടുണ്ട്.
കെ റെയിൽ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് സ്ഥാപിച്ചത്. പരിസ്ഥിതി- സാമൂഹികഘാത പഠനം നടത്തുന്നതിന്റെ ഭാഗമായുള്ള സർവേക്കാണ് ഇപ്പോൾ കല്ലിടുന്നതെന്നാണ് വിശദീകരണം. നേരത്തെ തിരുവനന്തപുരം, കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂരിൽ രാത്രി വന്ന് കല്ലിട്ട് പോയത്.