കെഎസ്ആർടിസി യിൽ പണിമുടക്ക് ആരംഭിച്ചു; യാത്രാദുരിതവും വർധിച്ചു





തിരുവനന്തപുരം:ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ സൂചന പണിമുടക്ക് ആരംഭിച്ചു. ഇതോടെ സംസ്ഥാനത്ത് യാത്രാദുരിതം രൂക്ഷമായി.

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.

സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.

ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

Previous Post Next Post