മന്ത്രി ആന്റണി രാജുവിന്റെ വീട്ടില്‍ സോപ്പു പതയില്‍ കുളിച്ച കളളന്‍; കൈയോടെ പിടികൂടി​ വീട്ടുകാർ

തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബവീട്ടില്‍ കളളന്‍ കയറി. കഴിഞ്ഞ ഞായറാഴ്ച്ച 12.30യോടെയായിരുന്നു സംഭവം. അഞ്ചുതെങ് മുണ്ടുതറ വാര്‍ഡില്‍ പൊന്‍വിളാകം വീട്ടില്‍ ലോറന്‍സ് (58)നെയാണ് വീട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പ്രതിയുടെ കൈയില്‍ നിന്നു അഞ്ചു പവന്റെ മാലയും ലോക്കറ്റും കണ്ടെടുത്തിട്ടുണ്ട്. വീട്ടില്‍ മന്ത്രിയുടെ സഹോദരന്‍ സെല്‍വനും കുടുംബവും അമ്മയും ഹോം നേഴ്‌സുമാണ് ഉളളത്.
സെല്‍വന്റെ മക്കള്‍ ബന്ധുവീട്ടില്‍ പോയി തിരികെ അര്‍ദ്ധരാത്രിയില്‍ മടങ്ങി വീട്ടില്‍ എത്തിയപ്പോഴാണ് അകത്തെ മുറിയില്‍ നിന്നു തലയില്‍ തോര്‍ത്തിട്ട് ഒരാള്‍ പുറത്തുവരുന്നത് സെല്‍വന്റെ മകന്‍ കണ്ടത്. സംശയത്തെ തുടര്‍ന്നു ഉടനെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. കുതറിയോടുന്നതിനിടെയില്‍ ശബ്ദംകേട്ടാണ് മറ്റു വീട്ടുകാര്‍ ഓടിയെത്തി എല്ലാവരും ചേര്‍ന്നു കളളനെ പിടികൂടുകയായിരുന്നു. കളളന്റെ ദേഹം മുഴുവന്‍ സോപ്പു പതയായിരുന്നു. സെല്‍വന്റെ ഭാര്യ ലാലിയുടെ മാലയും ലോക്കറ്റുമാണ് മോഷണം പോയത്. പോലീസ് വന്നതിനു ശേഷമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Previous Post Next Post