മര്‍ദനക്കേസില്‍ ജാമ്യത്തിലിറങ്ങി, പോലീസിനെ വെല്ലുവിളിച്ച് വീഡിയോ തയ്യാറാക്കി; നാലുപേര്‍ പിടിയിൽ






കൊച്ചി : മര്‍ദനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് വീഡിയോ തയ്യാറാക്കിയവര്‍ പിടിയില്‍. എറണാകുളം തൃക്കാക്കര പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

യുവാവിനെ മര്‍ദിച്ച കേസിലാണ് ഏതാനും പേരെ തൃക്കാക്കര പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ജാമ്യ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌റ്റേഷനില്‍നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതും മറ്റുമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചത്. പശ്ചാത്തലത്തില്‍ സിനിമാസംഭാഷണവുമുണ്ടായിരുന്നു. ശേഷം ഈ വീഡിയോ ഇവര്‍ സ്റ്റാറ്റസ് ആക്കുകയും ചെയ്തു.

ഈ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് നടപടികളിലേക്ക് കടക്കുകയും ഇവര്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. മര്‍ദനക്കേസില്‍ പ്രതികളായവരും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കും സ്റ്റാറ്റസ് ആക്കിയവര്‍ക്കും എതിരെയാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.



Previous Post Next Post