പത്തനംതിട്ടയിൽ ചായക്കടയില്‍ സ്ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു; അഞ്ച് പേര്‍ക്ക് പരുക്ക്


പത്തനംതിട്ട ആനിക്കാട് പുന്നവേലിൽ ചായക്കടയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റു. ചായക്കടയിൽ എത്തിയ ആളിന്റെ കൈവശമുണ്ടായിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത് 
രാവിലെ 9 മണിയോടെ പുന്നവേലിലെ ബഷീറിന്റെ കടയിലാണ് സ്ഫോടനം ഉണ്ടായത്. സണ്ണി ചാക്കോ എന്നയാളുടെ കൈപ്പത്തിയാണ് സ്ഫോടനത്തിൽ  തകർന്നത്. സമീപത്തുണ്ടായിരുന്ന ബേബിച്ചൻ എന്നയാൾക്കും സാരമായി പരുക്കേറ്റു. കിണറുകളിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ആളാണ് സണ്ണി. ചായക്കടയിൽ എത്തിയ സണ്ണിയുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നാണ് സ്ഫോടനമുണ്ടായത്. 
സാരമായി പരുക്കേറ്റ സണ്ണിയേയും ബേബിച്ചനേയും  കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടയുടമ ബഷീർ അടക്കം പരുക്കേറ്റ മൂന്നുപേരെ മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ കടയിലെ സോഡാക്കുപ്പികളും അലമാരയുടെ ചില്ലുകളും ചിതറിത്തെറിച്ചു. 
ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. പാറ പൊട്ടിക്കുന്ന ഡിറ്റണേറ്ററുകളാണ് പൊട്ടിത്തെറിച്ചത്.  ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചാലേ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല ഡിവൈ.എസ്.പി. പറഞ്ഞു
أحدث أقدم