കൊച്ചി ∙ തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന പുരാവസ്തു എന്ന് അവകാശപ്പെട്ടിരുന്ന, ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയ്ക്കു പുരാവസ്തു മൂല്യമില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേതാണ് കണ്ടെത്തൽ.
പരിശോധനയ്ക്കു വിധേയമാക്കിയ 10 വസ്തുക്കളിൽ എട്ടെണ്ണത്തിനും പുരാവസ്തു മൂല്യമില്ലെന്നു കാണിച്ചുള്ള റിപ്പോർട്ട് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കൈമാറി.
ഡിസംബർ 29നാണ് മോൻസന്റെ പക്കൽ കണ്ടെത്തിയ വസ്തുക്കൾ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിച്ചത്
. നടരാജ വിഗ്രഹം, നാണയങ്ങൾ, ചെമ്പോല, അംശവടി തുടങ്ങി 10 വസ്തുക്കളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവയിൽ റോമിൽ നിന്നുള്ള നാണയവും ലോഹവടിക്കും പുരാവസ്തു മൂല്യമുണ്ട് എന്നും കണ്ടെത്തി.