കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. കണ്ണൂരിലെ മാടായിപ്പാറയിലാണ് സംഭവം. പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലുള്ള മാടായിപ്പാറയിലാണ് കെ. റെയിലിന്റെ അഞ്ച് കല്ലുകൾ പിഴിതെറിഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയിൽപെട്ടത്.
സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണിത്. സർവേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പൊലീസ് സഹായത്തോടെയാണു സർവേ പൂർത്തീകരിച്ചത്. സർവേ നടത്താൻ അനുവദിക്കില്ലെന്ന് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും നേരത്തെ പറഞ്ഞിരുന്നു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സർവേ കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾ ശേഷമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം. തുടർ സമര പരിപാടികൾ തീരുമാനിക്കാൻ ഇന്ന് രാവിലെ യുഡിഎഫ് യോഗം ചേരും.
കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ 11 മണിക്ക് നടക്കുക. സിൽവർ ലൈൻ പദ്ധതിയെ സർവ ശക്തിയും ഉപയോഗിച്ച് എതിർക്കാനാണ് ഇന്നലെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനിച്ചത്. കടുത്ത സമരങ്ങളുമായി മുന്നോട്ട് പോകാൻ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.