ഓട്ടോറിക്ഷ അടിച്ചു തകർത്തു, വലിച്ചുപുറത്തിട്ട് ചവിട്ടാൻ ശ്രമിച്ചു; ഡ്രൈവർക്കു നേരെ കാട്ടാനയുടെ ആക്രമണം




പ്രതീകാത്മക ചിത്രം
 

ഇടുക്കി; കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഓട്ടോഡ്രൈവർ. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാർ വാലിയിൽ താമസക്കാരനുമായ ആന്റണി റിച്ചാർഡ് (29) ആണ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും വലിച്ചുപുറത്തിട്ട് ചവിട്ടാൻ ശ്രമിക്കുകയുമായിരുന്നു. തേയിലച്ചെടികൾക്കിടയിലേക്ക് ഇഴഞ്ഞു കയറിയതാണ് ആന്റണിക്ക് രക്ഷയായത്. 

തിങ്കളാഴ്ച രാത്രി 9 ന് കുറ്റിയാർ വാലി റൂട്ടിൽ വേൽമുടി ബംഗ്ലാവിനു സമീപമായിരുന്നു ആക്രമണം. ഓട്ടോയിൽ തനിച്ച് വീട്ടിലേക്കു പോകുകയായിരുന്നു. പാതയോരത്ത് മറഞ്ഞുനിന്ന ഒറ്റയാൻ റിച്ചാർഡിന്റെ മുന്നിൽ പോയ ജീപ്പിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വേഗം കൂട്ടിയതിനാൽ രക്ഷപ്പെട്ടു. ഇതോടെ പിന്നിൽ വന്ന ഓട്ടോ തകർക്കുകയായിരുന്നു.

ആനയുടെ കണ്ണിൽപെടാതെ റിച്ചാർഡ് ഓട്ടോയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈ നെഞ്ചിൽ ചുറ്റിവലിച്ച് വെളിയിലേക്ക് ഇട്ടു. തേയിലച്ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാർഡ് വീണത്. പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാൽ ആനയുടെ കണ്ണിൽപെട്ടില്ല. വീഴ്ചയിൽ നടുവിനും വലതുകാലിനും ഗുരുതര പരുക്കേറ്റിരുന്നു. പിന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഈ ആക്രമണം കണ്ട് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഒരു മണിക്കൂറിനു ശേഷം ഇവർ സംഘടിച്ച് എത്തിയാണ് തേയിലച്ചെടികൾക്കിടയിൽ റിച്ചാർഡിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.


Previous Post Next Post