തഞ്ചാവൂർ: നിത്യേനയുള്ള ഉപദ്രവവും ശകാരവും നിർബന്ധിത മതപരിവർത്തനശ്രമവും സഹിക്കാനാകാതെ തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരി ജീവനൊടുക്കി. പരാതിയെ തുടർന്ന് ഹോസ്റ്റൽ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ സെന്റ് മൈക്കിൾസ് ഹോം ബോർഡിങ് ഹൗസിലെ അന്തേവാസിയായിരുന്ന ലാവണ്യ (17) ആണ് മരിച്ചത്.
അരിയനല്ലൂർ സ്വദേശിനിയായ ലാവണ്യ ജനുവരി ഒമ്പതിനാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഛർദിയും കടുത്ത വയറുവേദനയും മൂലം ലാവണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പത്തിന് ഹോസ്റ്റൽ അധികൃതർ പിതാവ് മുരുഗാനന്ദത്തെ അറിയിച്ചു. പിതാവെത്തി വിദഗ്ധ ചികിത്സക്കായി ലാവണ്യയെ തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബോധം വീണപ്പോൾ ലാവണ്യ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ഡോക്ടർമാരോട് പറഞ്ഞു. ഡോക്ടർമാർ തിരുക്കാട്ടിപ്പള്ളി പൊലീസിൽ അറിയിക്കുകയും അവർ ലാവണ്യയുടെ മൊഴിയെടുക്കുകയുമായിരുന്നു.
എല്ലാ ദിവസവും വാർഡൻ ഉപദ്രവിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നെന്നും ഹോസ്റ്റലിലെ എല്ലാ മുറിയും തന്നെക്കൊണ്ട് വൃത്തിയാക്കിക്കുമായിരുന്നെന്നും ലാവണ്യ മൊഴി നൽകി. ക്രിസ്തുമതം സ്വീകരിക്കാൻ വാർഡൻ തന്നെ നിർബന്ധിക്കുമായിരുന്നെന്നും ലാവണ്യ പരാതിപ്പെട്ടു. ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോയും ലാവണ്യ ചിത്രീകരിച്ചിരുന്നു.
പിന്നീട് ലാവണ്യ മരുന്നിനോട് പ്രതികരിക്കാതെ വരികയും മരിക്കുകയുമായിരുന്നു. ലാവണ്യയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് പൊലീസ് വാർഡൻ സകായാമേരിയെ (62) അറസ്റ്റ് ചെയ്തത്. സംഭവം തിരുക്കാട്ടിപ്പള്ളി മേഖലയിൽ നേരിയ സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്.