തൃപ്പൂണിത്തുറ: ഹിൽപാലസ് കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ പൊലീസുകാരനായ ബാബുവിനെ മേലുദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ ഹവിൽദാർമാരായ അന്‍സാർ, അരുൺദേവ്, രാജേഷ് എന്നിവരെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
കെ.എ.പി ബറ്റാലിയന്‍ ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരുഡാണ് നടപടി സ്വീകരിച്ചത്. ഡിസംബർ 31ന് വൈകീട്ട് സേനക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ സംഘം ചേർന്ന് മർദിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മുഴുവൻ പൊലീസ് സേനക്കും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാൽ, സംഭവത്തിൽ വകുപ്പുതല നടപടിക്കപ്പുറമുള്ള നിയമനടപടികളുണ്ടാകില്ലെന്നാണ് പൊലീസ്വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ കേസിൽ ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഒഴിവാക്കപ്പെടുന്ന നിലയാണുള്ളത്.
ആറംഗ സംഘം മർദിച്ചെന്ന് ബാബു ഉൾപ്പെടെ മൊഴിനൽകിയിട്ടും മൂന്നുപേരിൽ മാത്രമായി നടപടിയൊതുക്കിയതും ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടിയില്ലാതെ ജൂനിയർ ഉദ്യോഗസ്ഥരിൽ മാത്രം നടപടിയൊതുക്കിയതിൽ സേനയിൽതന്നെ അതൃപ്തി ശക്തമാണ്. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ച മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയില്ലെന്നതും ശ്രദ്ധേയമാണ്.