തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി മതിയെന്ന് കെ.പി.സി.സി. സർക്കാർ, അർധസർക്കാർ, ബാങ്കിങ് മേഖലയിൽ സ്ഥിരം ജോലിയുള്ളവരെയും ത്രിതലപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടെന്ന് കെ.പി.സി.സി. മാർഗനിർദേശംനൽകി. മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയുന്നവർക്കായിരിക്കണം മുൻഗണന.
നിലവിലുള്ള ഭാരവാഹികളിൽ കഴിവും പ്രവർത്തനമികവുമുള്ളവരെ ഡി.സി.സി. ഭാരവാഹികളാക്കാം. ഡി.സി.സി. ഭാരവാഹികൾ, എക്‌സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരിൽ 50 ശതമാനം പേരെങ്കിലും യുവജനങ്ങളും പുതുമുഖങ്ങളുമായിരിക്കണം. ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനും രൂപംനൽകി.
കെ.പി.സി.സി. അംഗങ്ങൾ, മുൻ കെ.പി.സി.സി. വിശാല എക്‌സിക്യുട്ടീവ് അംഗങ്ങൾ, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാനഭാരവാഹികൾ, മുമ്പ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി. ഭാരവാഹികളായും പ്രവർത്തിച്ചിരുന്നവർ, യൂത്ത് കോൺഗ്രസിൽ 2010-നുമുമ്പ് പ്രവർത്തിച്ചിരുന്നവരും ഇപ്പോഴും സംഘടനയിൽ ഒരു പദവിയും ലഭിച്ചിട്ടില്ലാത്തതുമായ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരെ പരിഗണിക്കാം.
ജില്ലയിൽ കുറഞ്ഞത് ഒരു ബ്ലോക്കിലും നിയോജകമണ്ഡലത്തിൽ ഒരു മണ്ഡലത്തിലുമെങ്കിലും വനിതയെ പ്രസിഡന്റാക്കണം. രാഷ്ട്രീയേതര സംഭവങ്ങളിൽ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. വനിതകൾക്കും പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗക്കാർക്കും ഡി.സി.സി. ഭാരവാഹികൾ, എക്‌സിക്യുട്ടീവ് കമ്മിറ്റി എന്നിവയിൽ പ്രാതിനിധ്യം നൽകണം.