ഉപരാഷ്ട്രപതിയെ വരവേൽക്കാൻ കോട്ടയം ഒരുങ്ങി



വ്യോമസേനാ ഹെലികോപ്ടർ ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തിയപ്പോൾ.




കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ ജില്ലയൊരുങ്ങി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി മൂന്നിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. 

ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.15 മുതൽ ട്രയൽ റൺ നടന്നു. വ്യോമസേനയുടെ മൂന്നു ഹെലികോപ്ടറുകൾ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങി. വ്യോമസേന ഉദ്യോഗസ്ഥർ ഹെലിപ്പാഡും മറ്റു ക്രമീകരണങ്ങളും വിലയിരുത്തി.

 അഗ്നിരക്ഷ സേനയുടെ സുരക്ഷാ വാഹനങ്ങളും ആരോഗ്യവകുപ്പിന്റെ ആംബുലൻസുകളുമടക്കം സുരക്ഷാ സംവിധാനങ്ങൾ സജ്ജമായിരുന്നു. മൂന്ന് ഹെലികോപ്ടറുകൾക്ക് ഇറങ്ങാനുള്ള താൽക്കാലിക ഹെലിപ്പാഡുകളാണ് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്നും മാന്നാനം വരെ റോഡിന് ഇരുവശവും ബാരിക്കേഡുകൾ നിർമിച്ചുകഴിഞ്ഞു.

 ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ട്രയൽ റൺ നാളെയും നടക്കും.
കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാർഗേണ രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തും. പരിപാടിയിൽ പങ്കെടുത്തശേഷം 11.15ന് റോഡു മാർഗേണ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും.


Previous Post Next Post