എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരകലഹരിമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന മലയാളം യുട്യൂബ് ചാനലുകള്‍ പോലുമുണ്ട് . എക്സ്റ്റസി പില്‍സ് എന്ന എംഡിഎംഎ കേരളത്തില്‍ വന്‍തോതില്‍ പടരുമ്പോളാണ് പ്രചാരണക്കാരും രംഗത്തിറങ്ങുന്നത്. നടപടിയെടുക്കേണ്ടവര്‍ ഇടപെടുന്നുപോലുമില്ല.
എംഡിഎംഎയും കൊക്കെയ്നുമൊക്കെ നല്‍കുന്നത് ഗംഭീരഅനുഭവങ്ങളാണെന്നാണ് ഉപദേശം. സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു എന്നതിന്‍റെ മറ്റൊരു തെളിവ് കൂടിയാണ് ഇത്തരം യുട്യൂബ് ചാനലുകള്‍. എംഡിഎംഎ, ഡിഎംടി, കൊക്കെയ്ന്‍ ,സിപിഎച്ച് 4 തുടങ്ങിയ മാരക ലഹരിമരുന്നുകളുപയോഗിച്ചാല്‍ മികച്ച അനുഭവമായിരിക്കുമെന്നാണ് ചാനല്‍ നടത്തുന്ന ഡോ. ഡ്രഗ് എക്സിന്‍റെ ഉപദേശം.
പല വീഡിയോകളുടെയും താഴെയുള്ള കമന്‍റുകളില്‍ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗിച്ചവരുടെ മറ്റ് അനുഭവ സാക്ഷ്യങ്ങളുമുണ്ട്. ലഹരിമരുന്നുപയോഗിച്ചാല്‍ ഉണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണമല്ല ലഹരിമരുന്നിന്‍റെ വഴിയേ നടക്കാന്‍ യുവാക്കളുടെ കൈപിടിക്കുകയാണ് ഇവര്‍. ഇത്ര പരസ്യമായി പ്രചാരണമുണ്ടായിട്ടും അധികൃതര്‍ അനങ്ങുന്നില്ല.