കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഹൗസിലും ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന പൂര്‍ത്തിയായി. എട്ടുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ ദിലീപിന്റെതടക്കമുള്ള മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തു.
എത്രമൊബൈല്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു എന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിന്റെ നിര്‍ണായക തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വരുക. അന്വേഷണം സംഘം കണ്ടെത്തിയത് ഉള്‍പ്പടെയുള്ള തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്കും
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് പ്രധാനമായും പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണി മുഴക്കിയ സമയം ദിലീപിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തോക്കിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്റെ വീട്, സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയത്.
ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രനും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുമായിരുന്നു റെയ്ഡ്.