കോട്ടയം ▪️കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത കോട്ടയം മുന്‍ എസ്.പി എസ് ഹരിശങ്കര്‍.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും അപ്രതീക്ഷിതവുമായ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം വാദത്തില്‍ ഉറച്ചു നില്‍ക്കുകയും ആരും മൊഴിമാറ്റുകയും ചെയ്യാത്ത കേസാണിത്. വലിയ സമ്മര്‍ദങ്ങള്‍ അതിജീവിച്ചാണ് പലരും മൊഴി നല്‍കാനാത്തെിയതും സാക്ഷി പറഞ്ഞതും. എന്നിട്ടും എന്തുകൊണ്ടാണ് മറിച്ചൊരു വിധി ഉണ്ടായതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ ഉറച്ചു നില്‍ക്കുകയും പ്രതിക്കെതിരായ മൊഴികള്‍ ശക്തമായിരിക്കുകയും ശാസ്ത്രീയ തെളിവുകള്‍ മുഴുവന്‍ പ്രതിക്കെതിരാകുകയും പ്രതിഭാഗം സാക്ഷികള്‍ക്ക് കാര്യമായ ഒന്നും മുന്നോട്ട് വെക്കാനില്ലാതിരിക്കുകയും ചെയ്തിട്ടും പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ ഒരു അദ്ഭുതമാണ് ഫ്രാങ്കോ കേസ് വിധിയെന്നും ഇത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.