ന്യൂഡൽഹി: അറുപതു പിന്നിട്ട എല്ലാവർക്കും കരുതൽ വാക്സിൻ നൽകുന്നത് പരിഗണനയിലെന്ന് ദേശീയ സാങ്കേതിക ഉപദേശകസമിതി (എൻ.ടി.എ.ജി.ഐ.).
ഈ വിഭാഗത്തിൽപ്പെട്ട അനുബന്ധരോഗമുള്ളവർക്ക് മാത്രമാണ് ഇപ്പോൾ നൽകുന്നത്. ഇത് വിപുലമാക്കാനാണ് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 60 പിന്നിട്ട 13.70 കോടി പേരാണ് ഇന്ത്യയിലുള്ളത്.
കോർബെവാക്സും കോവോവാക്സും തത്കാലം ഇല്ല
കോർബെവാക്സും കോവോവാക്സും തത്കാലം വാക്സിൻ പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്ന് സൂചന. 90 ശതമാനം പേരും ഒരു ഡോസെങ്കിലും എടുത്തവരാണ്. രണ്ടാം ഡോസായും കരുതൽ വാക്സിനായും ആദ്യം സ്വീകരിച്ച വാക്സിൻതന്നെ നൽകിയാൽമതിയെന്നാണ് കേന്ദ്രതീരുമാനം.
വാക്സിൻ ഇടകലർത്തി ഉപയോഗിക്കുന്നതിനെക്കുറിച്ചും തത്കാലം ആലോചിക്കുന്നില്ല. അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയെങ്കിലും ഈ രണ്ടുവാക്സിനും ജനങ്ങളിൽ എത്താൻ ഇനിയും കാത്തിരിക്കണം.
ഉപയോഗാനുമതി നൽകുംമുമ്പുതന്നെ കോർബെവാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ ഇ-യുമായി കേന്ദ്രം 1500 കോടിയുടെ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിൻപ്രകാരം 7.5 കോടി ഡോസ് വാക്സിൻ ഫെബ്രുവരിയോടെ കേന്ദ്രത്തിന് കൈമാറുമെന്നും കമ്പനി വ്യക്തമാക്കിയതാണ്. അതിനാൽ വരുംദിവസങ്ങളിൽ നിലപാടുകളിൽ മാറ്റംവന്നേക്കാം.