കടവന്ത്രയിൽ അമ്മയുടേയും മക്കളുടേയും മരണം കൊലപാതകം; ഭര്‍ത്താവിന്റെ മൊഴി






കൊച്ചി : കടവന്ത്രയില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് നാരായണനാണ് കൊലപാതകം നടത്തിയത്. കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് നാരായണന്‍ പൊലീസിനോട് പറഞ്ഞു. 

 കൊലപാതകത്തിന് മുമ്പായി ഇവര്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണന്‍ മൊഴി നല്‍കി.

മൂന്നുപേരുടേയും മരണം ഉറപ്പാക്കിയശേഷം കയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും നാരായണൻ പൊലീസിനോട് പറഞ്ഞു. കേസിൽ നാരായണനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

ഇന്നു രാവിലെയാണ് കടവന്ത്രയിലെ വീട്ടില്‍ അമ്മയെയും രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിനി ജോയമോള്‍ (33), ലക്ഷ്മീകാന്ത് (8), അശ്വന്ത് (4) എന്നിവരാണ് മരിച്ചത്. 

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജോയമോളുടെ ഭര്‍ത്താവ് നാരായണന്‍ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ ആശുപത്രിയിലാണ്. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്നു.




أحدث أقدم