സഖാക്കള്‍ക്ക് വേദനയുണ്ടാക്കി'; തിരുവനന്തപുരം തിരുവാതിരയില്‍ ക്ഷമ ചോദിച്ച് സംഘാടക സമിതി


സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വിവാദ തിരുവാതിരയില്‍ ക്ഷമാപണവുമായി സംഘാടക സമിതി. തിരുവാതിര നടന്ന ദിവസവും ചില വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കിയെന്നും അതില്‍ ക്ഷമ ചോദിക്കുന്നെന്ന് നന്ദി പ്രസംഗത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ എസ് അജയന്‍ പറഞ്ഞു. പാറശാലയില്‍ നടന്ന മെഗാ തിരുവാതിരയില്‍ അതൃപ്തിയറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നടത്തിയ പരിപാടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവാതിര അവതരിപ്പിച്ചതില്‍ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയെന്നും. തിരുവാതിര നടത്താനുളള തീരുമാനവുമായി മുന്നോട്ട് പോയതിലും സംസ്ഥാന നേതൃത്വം വിമര്‍ശിച്ചു. സംഭവത്തിനെതിരെ സിപിഐഎം നേതാക്കളടക്കം രംഗത്തുവന്നിരുന്നു. ധീരജിന്റെ വിലാപയാത്രക്കിടെ സിപിഐഎം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കോടിയേരി വ്യക്തമാക്കിയത്. തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിആര്‍ സലൂജയുടെ നേതൃത്വത്തില്‍ 502 വനിതകളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയില്‍ ചൊവ്വാഴ്ചയാണ് മെഗാ തിരുവാതിരകളി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
Previous Post Next Post