ആരോഗ്യമന്ത്രി വെറും 'നോക്കുകുത്തി' : 'വിദഗ്ധസംഘം' കാര്യങ്ങള്‍ കുളം തോണ്ടിയെന്ന് ആരോഗ്യ വിദഗ്ധന്‍



തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യ വിദഗ്ധന്‍ ഡോ.എസ്.എസ് ലാല്‍. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി കൊണ്ട് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്നാണ് എസ്.എസ് ലാല്‍ ആരോപിക്കുന്നത്.
കോവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെ ഏല്‍പ്പിക്കണം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ലാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ഒന്നും രണ്ടും കോവിഡ് തരംഗങ്ങള്‍ വന്നപ്പോള്‍, മരണങ്ങളിലും രോഗപരിശോധനയിലും കൃത്രിമം കാണിക്കാന്‍ മുന്‍കൈയെടുത്ത ഉദ്യോഗസ്ഥ നേതൃത്വം തന്നെയാണ് ഇപ്പോഴും സംസ്ഥാന ആരോഗ്യവകുപ്പിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

എസ്.എസ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

കൊവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേല്‍പ്പിക്കണം.
'പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 178%, 50%, 103%, 29%, 10%, 41% വര്‍ധിച്ചിട്ടുണ്ട്.'
മുകളില്‍ എഴുതിയത് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇന്നലെ നല്‍കിയ പത്രക്കുറിപ്പിലെ വിവരങ്ങളാണ്. ഇത്രയും ഗുരുതരമായ സാഹചര്യമായിട്ടുപോലും കഴിഞ്ഞ മുന്ന് ആഴ്ചകളില്‍ ഒരു മുന്നൊരുക്കവും നടത്താതെ ആരോഗ്യമന്ത്രിയുടെ പത്രപ്രസ്താവനകള്‍ മാത്രമാണ് ആരോഗ്യവകുപ്പില്‍ നിന്നുണ്ടായത്.
ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മറ്റു ചിലരാണ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ രോഗപരിശോധനയിലും കോവിഡ് മരണങ്ങളിലും കൃത്രിമം കാണിക്കാന്‍ മുന്‍കൈയെടുത്ത അതേ ഉദ്യോഗസ്ഥ നേതൃത്വം തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരും വിദഗ്ദ്ധ സമിതിയെന്ന പേരില്‍ അറിയപ്പെട്ട സംഘവും കൂടി രണ്ടാം തരംഗത്തിലും കാര്യങ്ങള്‍ തീരുമാനിച്ച്‌ സംസ്ഥാനത്തെ ജനങ്ങളെ അപകടത്തിലാക്കിയിരുന്നു. രണ്ടാം തരംഗത്തിലെ സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ കൊവിഡ് നിയന്ത്രണ പരിപാടികള്‍ നടപ്പാക്കുമെന്നാണ് പൊതുവേ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ പഴയ സംഘം തന്നെയാണ് ഇപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നത്. ഈ തീരുമാനങ്ങള്‍ പത്രക്കാരോട് പറയുന്ന ജോലി മാത്രമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി ചെയ്യുന്നത്. ആരോഗ്യമന്ത്രിയ്ക്ക് തെറ്റായ ഉപദേശങ്ങളാണ് നിരന്തരം ലഭിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ആരോഗ്യമന്ത്രിയെ നിസ്സഹായയാക്കിയെന്നാണ് മനസിലാകുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും അറിഞ്ഞത് പ്രകാരം കഴിഞ്ഞ ഡിസംബര്‍ രണ്ടാം പകുതിയില്‍ നടത്തിയ അവലോകന യോഗത്തില്‍ സംസ്ഥാനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ദ്ധ സമിതിയിലെ ചിലരും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അത് അവഗണിച്ചു. ഇത് ഫ്ലൂ പോലെ വന്ന് അങ്ങ് പൊയ്ക്കൊള്ളുമെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടുവത്രെ. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയതിന് ശേഷം കഴിഞ്ഞ ആഴ്ചത്തെ യോഗത്തില്‍ തയ്യാറെടുപ്പുകള്‍ ഉടനെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിച്ചതായും മനസിലാക്കുന്നു.
ഡെല്‍റ്റ വ്യാപനം ഉണ്ടെന്നും ഒമിക്രോണ്‍ വലിയ പ്രശ്നമല്ല എന്നുമൊക്കെ കഴിഞ്ഞ രണ്ടാഴ്ചയായി മന്ത്രിയെക്കൊണ്ടു തന്നെ വിദഗ്ദ്ധ സമിതി പറയിപ്പിച്ചിരുന്നു. ഇപ്പോള്‍ പറയുന്നു ഒമിക്രോണ്‍ വ്യാപനവും ഉണ്ടെന്ന്. ശാസ്ത്രീയമായ പഠനമോ കാര്യമായ അന്വേഷണങ്ങളോ ഇല്ലാതെയാണ് ഈ പ്രഖ്യാപനങ്ങള്‍.
ഇത്തവണയും ഒരു തയ്യാറെടുപ്പോ നയമോ ഇല്ലാതെയാണ് മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഹോം കെയര്‍ ആണ് പുതിയ മാര്‍ഗമെന്ന് ഇപ്പോള്‍ പറയുന്നു. എന്നാല്‍ അത് നിരീക്ഷിക്കാന്‍ എന്ത് മാര്‍ഗമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഒമിക്രോണ്‍ അതിവേഗം പടരുന്നതിനാല്‍ വീടുകളില്‍ മുഴുവന്‍ പേരും കിടപ്പിലാകുകയാണ്. അത്തരം വീടുകളില്‍ മരുന്നും മറ്റ് അടിയന്തിര സേവനങ്ങളും എത്തിക്കാന്‍ മൊബൈല്‍ ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനും പുറമേ വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍പ്പോലും മരുന്നുകള്‍ക്ക് ഭൗര്‍ലഭ്യമുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരുമില്ല. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ചികിത്സാ സംവിധാനങ്ങള്‍ താറുമാറാകാനിടയുണ്ട്. ഇത് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല.
കഴിഞ്ഞ പതിനഞ്ചാം തീയതി മുതല്‍ ആരോഗ്യമന്ത്രി പറയുന്നത് ഇരുപതാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം കൂടി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ്. അനുദിനം മാറുന്ന ഇന്നത്തെ രോഗസാഹചര്യം ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി മാറിക്കൊണ്ടിരിക്കുമ്പോൾ അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ സൗകര്യം കാത്തിരുന്ന് തീരുമാനമെടുക്കുന്നത് ജനദ്രോഹമാണ്. നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് ആര്‍ദ്രം ആശുപത്രികള്‍ മാത്രമേ സഹായത്തിനുള്ളു. അവര്‍ക്ക് അമേരിക്കയില്‍ ചികിത്സ കിട്ടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണ്.
നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ വിദഗ്ദ്ധസമിതിയെക്കാളും വൈദഗ്ദ്ധ്യമുള്ളവരാണ്. അവരാണ് സ്വന്തം അപകടങ്ങളെ മറന്ന് പതിനായിരക്കണക്കിന് രോഗികളെ ചികിത്സിച്ചത്. എന്നാല്‍ അവരുടെ സംഘടനകളെപ്പോലും മാറ്റി നിര്‍ത്തിയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിയും സംഘവും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഏത് സംസ്ഥാനത്തെയും പോലെ കേരളത്തിലും ഇക്കാലമത്രയും പകര്‍ച്ച വ്യാധികള്‍ പോലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പാണ്. നാല്‍പതിനായിരത്തോളം അംഗബലമുള്ള ഈ വകുപ്പാണ് കൃത്യമായും നിശബ്ദമായും എക്കാലവും പണിയെടുത്തിരുന്നത്. കൊവിഡ് വന്നപ്പോള്‍ അവരെ പുറംതള്ളി രാഷ്ട്രീയ നേതൃത്വവും ആരോഗ്യ സെക്രട്ടറിയും അവര്‍ തട്ടിക്കൂട്ടിയ 'വിദഗ്ദ്ധ' സമിതിയും ചേര്‍ന്നാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത്. ആരോഗ്യവകുപ്പ് മന്ത്രിയോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ദിനംപ്രതി മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്ന 'വിദഗ്ദ്ധ' സംഘത്തില്‍ നിന്നും ഉത്തരവാദിത്വം തിരികെ വാങ്ങി ആരോഗ്യവകുപ്പിനെ ഏല്‍പ്പിക്കണം.
ഡോ. എസ്.എസ്.ലാൽ.


أحدث أقدم