കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു.
ഡിസംബര്‍ 22ന് ആലുവ വെളിയത്തുനാട് സ്വദേശിനിയായ 15കാരി സ്‌കൂളില്‍ നിന്നു മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തെരച്ചിലിനിടെ പിറ്റേന്ന് തടിക്കക്കടവ് പാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി പാലത്തിന് അടുത്തേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പാലത്തിനു സമീപത്തു നിന്ന് സ്‌കൂള്‍ ബാഗും ചെരിപ്പും മറ്റും ലഭിച്ചു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ആണ്‍സുഹൃത്ത് പിടിയിലായത്. കുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.