തിരുവനന്തപുരം പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ യുപി രജിസ്ട്രേഷൻ കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് സ്വദേശിയായ ഒരാൾ ഹോട്ടലിൽ ബഹളമുണ്ടാക്കി കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം._
_അതിവേഗതയിലെത്തിയ കാർ ഹോട്ടലിനു മുന്നിൽ നിർത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ അസ്വസ്ഥനായി. കാറിന് പുറത്ത് കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. കാറിലെ എഴുത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ഇതോടെ പ്രകോപിതനായ ഇയാൾ ഹോട്ടലിൽ ബഹളം വെച്ചു._
_ഹോട്ടൽ അധികൃതർ പൊലീസിനെ വിളിച്ചതോടെ ഇയാൾ കാർ സ്ഥലത്ത് ഉപേക്ഷിച്ച് ഓട്ടോയിൽ കടന്നു കളഞ്ഞു. പൊലീസ് കാർ സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. കാറിന് പുറത്തെ മഷി ഉണങ്ങിയ നിലയിലാണ്. ഈ വാചകങ്ങളുമായി ഇത്ര ദൂരം ഇയാൾക്കെങ്ങനെ സഞ്ചരിക്കാൻ പറ്റിയെന്ന സംശയമാണ് പൊലീസിനുള്ളത്. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് കാർ. സംഭവം ഉന്നത അന്വേഷണ ഉദ്യോഗസ്ഥരെ പോലീസ് അറിയിച്ചിട്ടുണ്ട്._