റയിൽവേ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം


തൃശൂർ : ട്രെയിൻ  ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കിനാണ് മർദ്ദനമേറ്റത്.

 ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാണ് ഇതര സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം. പരുക്കേറ്റ ബെസിയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലുവയ്ക്കും തൃശൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. ബെസിയുടെ ഫോൺ അക്രമികൾ വലിച്ചെറിഞ്ഞു. 10ലധികം പേർ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒരാൾ ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിനാണ് ഇത്രയും പേർ ഒരുമിച്ച് ബെസിയെ ആക്രമിച്ചത്.

സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അനിഖുൾ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്.

ആലുവയിൽ നിന്നു ഹൗറയിലേക്കു യാത്ര ചെയ്യാൻ ട്രെയിനിൽ കയറിയ ബംഗാൾ സ്വദേശികളായ നാലു പേരോട് ടിക്കറ്റ് ചോദിച്ചെങ്കിലും എടുത്തില്ലെന്നു പറഞ്ഞു. ഇവർക്കു പിഴ അടയ്ക്കാനുള്ള രേഖ എഴുതി നൽകിയപ്പോഴേയ്ക്കും ഒപ്പമുണ്ടായിരുന്ന ഒരാൾ ആടുത്ത കംപാർട്ടുമെന്റ്റിലേക്ക് പോയി. അവിടെയെത്തി പരിശോധന നടത്തുമ്പോൾ വീണ്ടും ടിക്കറ്റില്ലാതെ കണ്ടതു ചോദ്യം ചെയ്തതോടെ പ്രകോപിതരായ അക്രമികൾ മർദ്ദനം നടത്തുകയായിരുന്നു.

Previous Post Next Post