ഹോട്ടലിൽ ഓഡർ കൊടുത്ത വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാലിരുന്നു ചിരിക്കുന്നു, സസ്യഭുക്കായ വയോധികൻ ഞെട്ടി. തുടർന്ന് കൂട്ടയടി .പോലീസ് കേസ് .. രണ്ട് പേർക്ക് പരുക്ക്


കണ്ണൂർ / പയ്യന്നൂരിലെ ഒരു ഹോട്ടലിൽ വെജിറ്റബിൾ ബിരിയാണി കഴിക്കാനിരുന്ന സസ്യഭുക്കായ വയോധികന് കൊടുത്ത ബിരിയാണിയിൽ കോഴിക്കാലിരുന്നു ചിരിക്കുന്നു. വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാൽ കണ്ടതോടെ ഉണ്ടായ തർക്കം വാക്കേറ്റത്തിലും ഒടുവിൽ അടിപിടിയിലും കലാശിച്ചു. ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പയ്യന്നൂർ സെൻട്രൽ ബസാറിലെ ഒരു ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടലിലെത്തിയ വയോധികൻ വെജിറ്റബിൾ ബിരിയാണി ആവശ്യപെടുകയായിരുന്നു. ബിരിയാണി കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്ന് അയാൾക്ക് കോഴിക്കാൽ ഒരെണ്ണം കിട്ടി. ബിരിയാണി മാറ്റിത്തരണമെന്ന് വയോധികൻ ആവശ്യപ്പെട്ടപ്പോൾ ഹോട്ടലുടമ അതിനു തയ്യാറായില്ല. പിന്നീട് സംഭവം വാക്കുതർക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
തൊട്ടടുത്ത് ഭ​ക്ഷ​ണം കഴിച്ചുകൊണ്ടിരുന്ന പാനൂർ സ്വദേശികളായ രണ്ടുപേർ വിഷയത്തിൽ ഇടപെടുകയായിരുന്നു. വയോധികന് ബിരിയാണി മാറ്റി നൽകണമെന്നും അതിനുള്ള പണം തങ്ങൾ നൽകാമെന്നും പാനൂർ സ്വദേശികൾ പറഞ്ഞു. എന്നാൽ ഹോട്ടൽ ഉടമ അതിനൊന്നും തയ്യാറായിരുന്നില്ല. വാക്കേറ്റം മുറുകി ഒടുവിൽ കയ്യാങ്കളിയായി.
ഏറ്റുമുട്ടലിൽ ഹോട്ടൽ ഉടമക്കും പാനൂരിൽ നിന്നെത്തിയ ഒരാൾക്കും മർദ്ദനമേറ്റു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് ഹോട്ടൽ ഉടമക്ക് വീഴ്ച പറ്റി എന്ന നിലപാടിലാണ് പോലീസ് ഉള്ളത്. ഇവിടെ ചില ഹോട്ടലുകളിൽ ഒരു ദിവസം ഒന്നുകിൽ ചിക്കൻ ബിരിയാണിയോ, അല്ലെങ്കിൽ മട്ടൻ ബിരിയാണിയോ, അതും അല്ലെങ്കിൽ ബീഫ് ബിരിയാണിയോ ആണ് ഉണ്ടാകാറുള്ളത്. ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന ദിവസം ഒരാൾ ബീഫ് ബിരിയാണി ചോദിച്ചെത്തിയാൽ ചിക്കൻ കഷ്ണങ്ങൾ മാറ്റി ബീഫ് കഷ്ണങ്ങൾ ഇട്ടു ബിരിയാണി കൊടുക്കും.
ബീഫ് ബിരിയാണി ഉണ്ടാക്കുന്ന ദിവസം ചിക്കൻ ബിരിയാണിയോ മട്ടൻ ബിരിയാണിയോ ചോദിച്ചെത്തുന്നവർക്ക് അതാതിന്റെ കഷ്ണങ്ങൾ ഇട്ടു നൽകുകയാണ് പതിവ്. വയോധികൻ വെജിറ്റൽ ബിരിയാണി ചോദിക്കുമ്പോൾ ഹോട്ടലിൽ അത് ഉണ്ടായിരുന്നില്ല. അതിനാൽ ചിക്കൻ ബിരിയാണിയുടെ റൈസ് എടുത്ത് കൊടുക്കുകയായിരുന്നു. തിടുക്കത്തിൽ വിളമ്പി കൊണ്ടുക്കുന്നതിനിടെ ഒരു കോഴികാൽ അടിയിൽ കുടുങ്ങിയത് അറിഞ്ഞതുമില്ല. ചുരുക്കത്തിൽ എല്ലാ ബിരിയാണിയും ആ ഹോട്ടലിൽ ഒന്നാണെന്നതറിയാതെയാണ് വയോധികൻ അവിടെ കയറിയത്. ഇതിനിടെ പ്രശ്നം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ ഉള്ള ശ്രമം ഹോട്ടലുടമ അണിയറയിൽ നടത്തി വരുകയാണ്.
Previous Post Next Post