ഓൺലൈനായി വൈദ്യുതി ബിൽ അടച്ചു : കൊച്ചിയിൽ യുവതിയ്‌ക്ക് നഷ്ടമായത് 49,000 രൂപ

കൊച്ചി ; ഓൺലൈനായി വൈദ്യുതി ബിൽ അടച്ച യുവതിയ്‌ക്ക് നഷ്ടമായത് 49,000 രൂപ . . നെട്ടൂർ സ്വദേശിനി ലക്സി ബിനോയുടെ പണമാണ് സൈബർ തട്ടിപ്പുസംഘം തട്ടിയെടുത്തത് . മണിക്കൂറുകൾക്കുള്ളിൽ സൈബർ പോലീസിൽ റിപ്പോർട്ടു ചെയ്തെങ്കിലും ഇതുവരെയും പണം തിരിച്ചു പിടിക്കാനായില്ല
സൈബർ പൊലീസിൽ പരാതി നൽകിയിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പണം കിട്ടാതെ തന്നെ കേസ് അവസാനിപ്പിക്കുകയാണെന്നും ലക്സി പറഞ്ഞു.. പണം തിരിച്ചു പിടിക്കാൻ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഡിജിപി ഉൾപ്പടെയുള്ളവർക്കു പരാതി നൽകുമെന്നും ലക്സി പറഞ്ഞു.
വൈദ്യുതി ബില്ലടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന് അറിയിച്ച് ഫോണിലേയ്‌ക്കു വന്ന എസ്എംഎസ് പിന്തുടർന്ന് ആ ഫോൺ നമ്പരിലേയ്‌ക്കു തിരിച്ചു വിളിച്ചപ്പോൾ കെഎസ്ഇബിയിലേയ്‌ക്കു സ്വാഗതം അറിയിക്കുന്ന കോളർ ട്യൂണാണ് കേട്ടത്. അതുകൊണ്ടു തന്നെ സംശയം തോന്നാതെ ഇവരുമായി സംസാരിച്ചു. ഫോണിൽ കൺസ്യൂമർ നമ്പർ പറഞ്ഞപ്പോൾ ബാക്കിയുള്ള മുഴുവൻ വിവരങ്ങൾ ഇങ്ങോട്ടു പറഞ്ഞതുകൊണ്ടു സംശയമൊന്നും തോന്നിയില്ല. ഒടിപി തട്ടിപ്പിനെക്കുറിച്ചു കേട്ടിട്ടുള്ളതിനാൽ അതു നൽകിയില്ല. വിളിച്ചു ചോദിച്ചപ്പോൾ അമ്മ ബില്ല് അടച്ചിരുന്നതായാണ് പറഞ്ഞത്. ഈ വിവരം അറിയിച്ചപ്പോൾ പത്തു രൂപ കുറച്ചാണ് അടച്ചതെന്നും അതു കൂടി അടച്ചില്ലെങ്കിൽ രാത്രി ഫ്യൂസ് ഊരുമെന്നുമായിരുന്നു സംസാരിച്ചയാൾ പറഞ്ഞത്.
സംസാരിച്ചയാൾ പറഞ്ഞ പ്രകാരം ഒരു ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താണ് പൈസ അടച്ചതെന്നും ഇവർ പറയുന്നു. ഫോൺ വിവരങ്ങൾ തട്ടിയെടുക്കുന്ന ആപ്പിനെ കുറിച്ച് അറിയാതിരുന്നത് ഇവർ ഉപയോഗപ്പെടുത്തുകയായിരുന്നു.ഗൂഗിൾ പേ ഉണ്ടോ എന്നു ചോദിച്ചപ്പോൾ അതില്ലെന്നു പറഞ്ഞതിനാൽ കാർഡ് നമ്പർ അടിച്ച് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇവർ അക്കൗണ്ടിൽനിന്ന് 49,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം ട്രാൻസാക്ഷൻ നടക്കുന്നുണ്ടെന്നും നിങ്ങളല്ലെങ്കിൽ ബ്ലോക്കു ചെയ്യാനും ആവശ്യപ്പെട്ടുള്ള വിളി ബാങ്കിൽനിന്നു വന്നു. ഉടൻ തന്നെ ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടമാകുന്നത് ഒഴിവായി. ഇതുകഴിഞ്ഞും തട്ടിപ്പു‌സംഘം ആറു പ്രാവശ്യം പണം മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടർന്നാണ് ഇൻഫോപാർക്ക് സൈബർ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടത്. പിന്നാലെ സൈബർ സ്റ്റേഷനിൽ നേരിട്ടുചെന്നും പരാതി നൽകിയെങ്കിലും ഇതുവരെയും ഫലമുണ്ടായില്ല. സൈബർ സെൽ ഇടപെട്ട് പണം മാറ്റിയ വെബ്സൈറ്റുമായി ബന്ധപ്പെട്ടെങ്കിലും അവർ മറുപടി നൽകിയപ്പോഴേയ്‌ക്കു മറ്റൊരു ബാങ്ക് അക്കൗണ്ടിലേയ്‌ക്കു മാറ്റി എടിഎം വഴി പണം പിൻവലിച്ചെന്നും പറയുന്നു. കേരളത്തിനു പുറത്തുള്ള എടിഎമ്മിൽനിന്നാണ് പണം പിൻവലിച്ചത്.
പണം തിരിച്ച് അയച്ചു തരാമെന്ന് ആദ്യം പറഞ്ഞെങ്കിലും അതിനു തയാറായില്ലെന്നു മാത്രമല്ല അശ്ലീല സംഭാഷണത്തിനു ശ്രമിക്കുകയും ചെയ്തു. ഒരു തവണ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന് ഇവരുമായുള്ള സംഭാഷണം അവസാനിപ്പിക്കുകയായിരുന്നെന്നും ലക്സി പറഞ്ഞു.
أحدث أقدم