കൊച്ചി: കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രൊഫ. കെ വി തോമസ്. ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്.
ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കെ വി തോമസ് തുടങ്ങിയത്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് തെറ്റു തിരുത്തണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു. ബിജെപിയുടെ വര്‍ഗീയതക്കെതിരായ നിലപാടാണ് താന്‍ സ്വീകരിക്കുന്നത്.
ഇന്നത്തെ രാജ്യത്തെ സാഹചര്യത്തില്‍ സിപിഎം സെമിനാറിന്റെ ദേശീയ പ്രാധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുറിപ്പിലൂടെ അറിയിച്ചു. സോണിയാഗാന്ധി, താരിഖ് അന്‍വര്‍ തുടങ്ങിയവരെയും അറിയിച്ചു. തന്നെ സെമിനാറില്‍ ക്ഷണിച്ചത് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ സംസാരിക്കാനാണ്. അരമണിക്കൂറാണ് സമയം അനുവദിച്ചത്. പ്രഭാഷണത്തിന് തയ്യാറെടുത്തു കഴിഞ്ഞു. താന്‍ സിപിഎമ്മിലേക്കല്ല, സെമിനാറില്‍ പങ്കെടുക്കാനാണ് പോകുന്നതെന്നും കെ വി തോമസ് പറഞ്ഞു.
കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് ഏറെ സുപ്രധാനമാണ് സക്കറിയ കമ്മീഷന്‍. വളരെ പ്രധാനപ്പെട്ട കമ്മീഷനാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിരുന്നു. കേരളം മാറ്റി നിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം സിപിഎം അടക്കമുള്ള പാര്‍ട്ടികളെ കൈകോര്‍ത്തുപിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. 84 ല്‍ താന്‍ പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ ആസൂത്രണ കമ്മീഷന്‍ ഉണ്ടായിരുന്നു. ഇന്ന് അതില്ല. പകരം നീതി ആയോഗാണുള്ളത്.
താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. നാളെ സ്റ്റാലിനുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് പറയുമോയെന്നും തോമസ് ചോദിച്ചു. സെമിനാര്‍ വിഷയത്തില്‍ കെപിസിസി നേതൃത്വം തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും കെവി തോമസ് പറഞ്ഞു. രാഹുല്‍ഗാന്ധി പിണറായിയോടൊപ്പവും മറ്റ് സിപിഎം നേതാക്കള്‍ക്കൊപ്പവും പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
നൂലില്‍ കെട്ടി പാര്‍ട്ടിയില്‍ വന്നയാളല്ല താനെന്ന് കെവി തോമസ് പറഞ്ഞു. താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചു വന്നയാളാണ്. എന്നും പാര്‍ട്ടിയുടെ അച്ചടക്കത്തോടൊപ്പം നിന്നയാളാണ്. ഏഴു തവണ ജയിച്ചത് ജനകീയതയ്ക്കുള്ള അംഗീകാരമാണ്. ഒട്ടേറെ സ്ഥാനങ്ങള്‍ കിട്ടിയെന്നാണ് തനിക്കെതിരെ പറയുന്നത്. സ്ഥാനങ്ങള്‍ ഉറങ്ങിയപ്പോള്‍ കിട്ടിയതല്ല, പ്രവര്‍ത്തിച്ചതിന് കിട്ടിയതാണ്. കോണ്‍ഗ്രസ് പലതവണ തന്നെ അപമാനിച്ചു. തന്റെ കുടുംബക്കാര്‍ ആരും രാഷ്ട്രീയത്തിലില്ല. തന്റെ ജീവിതം കോണ്‍ഗ്രസുകാരനായി തന്നെ തുടരും.
സെമിനാറില്‍ പങ്കെടുത്താല്‍ തന്നെ പുറത്താക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണി മുഴക്കുന്നത്. പുറത്താക്കുന്ന കാര്യം അവര്‍ തീരുമാനിക്കട്ടെ. താന്‍ എഐസിസി മെമ്പറാണ്. തന്നെ പുറത്താക്കാന്‍ അധികാരം എഐസിസിക്കാണ്. അതുപോലും ഇവര്‍ക്ക് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു. ഹൈ സ്പീഡ് റെയില്‍വേ എന്ന ആശയം കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണെന്നും കെ വി തോമസ് വ്യക്തമാക്കി.