ഷെജിനും ജോയ്‍സ്നയ്ക്കും ഒന്നിച്ച് ജീവിയ്ക്കാം, പിതാവിൻ്റെ ഹർജി തള്ളി ഹൈക്കോടതി









കൊച്ചി: കോഴിക്കോട് കോടഞ്ചേരിയിൽ മിശ്രവിവാഹം കഴിച്ചതിന്‍റെ പേരിൽ വിവാദത്തിലായ ജോയ്‍സ്ന സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഹർജി ഹൈക്കോടതി തീർപ്പാക്കി. ജോയ്‍സ്നയ്ക്ക് ഷിജിനൊപ്പം പോകാൻ ഹൈക്കോടതി അനുമതി നൽകി. ജോയ്‍സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി എസ് സുധ അധ്യക്ഷയായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ആദ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജോയ്‍സ്നയോട് നേരിട്ടാണ് സംസാരിച്ചത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേൽ ഒരുതരത്തിലുമുള്ള സമ്മർദ്ദവുമില്ല എന്നും ജോയ്‍സ്ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ല. അവരെ ഇപ്പോൾ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‍സ്ന വ്യക്തമാക്കി.

എന്നാൽ ജോയ്‍സ്നയെ നിർബന്ധപൂർവം തട്ടിക്കൊണ്ട് പോയതാണെന്നും, ഷിജിനും ജോയ്‍സ്നയും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അച്ഛൻ ജോസഫ് കോടതിയിൽ പറഞ്ഞു. എന്നാൽ ജോയ്‍സ്ന വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേർ ഇനിയെന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ള സ്ത്രീയാണ് ജോയ്സ്ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിച്ചാൽ  
അതിൽ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തേ താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായ ജോയ്‍സ്ന താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അന്ന് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കോടതിയിൽ തന്‍റെ നിലപാട് ജോയ്‍സ്ന പറഞ്ഞതാണ് എന്നതുകൊണ്ട് തന്നെ, നിലവിൽ ഹേബിയസ് കോർപ്പസ് ഹർജി നടപടികൾ വെറും സാങ്കേതികം മാത്രമാകുമെന്നുറപ്പായിരുന്നു.

പ്രാദേശിക ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിനെ വിവാഹം ചെയ്ത ജോയ്‍സ്ന തൽക്കാലം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ജോയ്‍സ്നയെ പെണ്ണ് കാണാൻ ആളുകൾ വരുന്നതിന് തലേന്നാണ് അവർ ഷിജിനൊപ്പം ജീവിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. കടുത്ത എതിർപ്പ് ഭയന്ന് ഇക്കാര്യം ജോയ്‍സ്ന വീട്ടിൽ പറഞ്ഞിരുന്നില്ല.


أحدث أقدم