കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായി തനിയെ ചലിച്ച ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് (36) ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഷാഫി ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ്അ പകടത്തിൽപ്പെട്ടത്.
അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി അപകടത്തിൽപ്പെട്ട കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലക്കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒറ്റ വാതിൽ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയയപ്പോൾ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു.
ഏറെ കാലമായി കുവൈറ്റിൽ ജോലി ചെയ്തുവരുന്ന ഷാഫി ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് കുവൈറ്റിലെ സന്നദ്ധ പ്രവർത്തകരും മലയാളി സംഘടനകളും അറിയിച്ചു. .
തെക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ.
മക്കള്‍: ഷാമില്‍, ഷഹ്‌മ, ഷാദില്‍.