റോഡ് പ്രളയമെടുത്തു : ഒഴിയാ ബാധ മാറാതെ കണമല – കീരിത്തോട് ബൈപാസ്







എരുമേലി :  കണമല - കീരിത്തോട് റോഡിന്റെ നിർമാണം മുതൽ നേരിട്ട അപാകതകൾ വർഷങ്ങൾ കഴിഞ്ഞിട്ടും വിടാതെ ഒഴിയാബാധ പോലെ പിന്തുടരുന്നു. ഒടുവിൽ റോഡിന്റെ ഒരു ഭാഗം പ്രളയം കൊണ്ടുപോയിട്ടും കണ്ടകശനി മാറുന്നില്ല. 

റോഡിന്റെ പുനർ നിർമാണം ആര് ഏറ്റെടുക്കുമെന്നുള്ളതാണ് പ്രശ്നം. റോഡ് പഞ്ചായത്തിന് വിട്ടുനൽകി ഇനി തങ്ങളുടെ അല്ലെന്നറിയിച്ച് പൊതുമരാമത്ത് വകുപ്പ് കയ്യൊഴിഞ്ഞിരിക്കുകയാണ്. പഞ്ചായത്ത്‌ ആകട്ടെ ഏറ്റെടുത്തിട്ടുമില്ല.

ആറ് കോടി ചെലവിട്ട് നിർമിച്ച കണമല – കീരിത്തോട് ബൈപാസ് റോഡിനാണ് ഈ ദുർഗതി. കഴിഞ്ഞ പ്രളയത്തിൽ റോഡിന്റെ ഒരു ഭാഗവും കൂറ്റൻ സംരക്ഷണ ഭിത്തിയും പൊട്ടി തകർന്ന് ഒലിച്ചുപോയതാണ്. ഇതുവരെ പുനർ നിർമാണം നടത്താൻ കഴിഞ്ഞിട്ടില്ല.

 പുനർ നിർമാണം നടത്തണമെങ്കിൽ റോഡ് തകർന്ന് ഒലിച്ചുപോയ ഭാഗത്ത് ആദ്യം പുതിയ സംരക്ഷണ ഭിത്തി നിർമിക്കണം. ഇതിന് ശേഷം ഇത്രയും ഭാഗത്തെ റോഡ് പുനർ നിർമിക്കണം. ഇതിനാകട്ടെ ചെലവേറെയാണ്. ഇതിനുള്ള ഫണ്ട് കിട്ടാനായി കാത്തിരുന്നാൽ അതുവരെ ഇതുവഴിയുള്ള ഗതാഗതം അപകടങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു.

 താൽക്കാലിക പരിഹാരം നാട്ടുകാർ തന്നെ നിർദ്ദേശിക്കുന്നുണ്ട്. റോഡും സംരക്ഷണ ഭിത്തിയും ഒലിച്ചുപോയ ഭാഗത്ത് റോഡിന്റെ മറുഭാഗം വീതി കൂട്ടി നിർമിച്ചാൽ താൽക്കാലിക പരിഹാരമാകുമെന്നതാണ് നാട്ടുകാർ മുന്നോട്ടു വെയ്ക്കുന്ന താൽക്കാലിക പരിഹാര നിർദേശം. മറുഭാഗത്ത് വീതി വർധിപ്പിച്ചാൽ സുരക്ഷിതമായി വാഹനങ്ങളെ കടത്തിവിടാനാകുമെന്നും പറയുന്നു. കഴിഞ്ഞ പ്രളയത്തിൽ റോഡിൽ ഒട്ടേറെ നാശനഷ്ടങ്ങൾ നേരിട്ടിരുന്നു.

എരുത്വാപ്പുഴ മുതൽ ആരഭിക്കുന്ന കണമല – കീരിത്തോട് ബൈപാസ് നിർമിച്ചത് കണമല ഇറക്കം വഴിയുള്ള ശബരിമല തീർത്ഥാടക യാത്ര ഒഴിവാക്കാൻ വേണ്ടിയായിരുന്നു. കണമല ഇറക്കത്തിൽ വിവിധ അപകടങ്ങളിലായി ഒട്ടേറെ അയ്യപ്പഭക്തരാണ് മരണപ്പെട്ടത്. ഇതേതുടർന്നാണ് കണമല ഇറക്കത്തിന്റെ തുടക്ക ഭാഗമായ എരുത്വാപ്പുഴയിൽ നിന്ന് കീരിത്തോട് വഴിയുള്ള പഴയ നാട്ടുവഴി വികസിപ്പിച്ച് ബദൽ പാതയായി നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയായപ്പോൾ കണമല ഇറക്കത്തേക്കാൾ അപകടകരമായി സമാന്തര പാത മാറി. ചെലവിട്ട ആറ് കോടി രൂപ വെറുതെ പാഴാക്കിയത് പോലെയായി ബൈപാസ് റോഡ് മാറി.

ഉദ്ഘാടനം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി ഇക്കാര്യം ഉദ്ഘാടന യോഗത്തിൽ തുറന്നു പറഞ്ഞ് ക്ഷുഭിതനായാണ് മടങ്ങിയത്. മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് കരാറുകാരൻ വീണ്ടും പണികൾ നടത്തിയെങ്കിലും റോഡിലെ അപകട സാധ്യതകൾ ഒഴിഞ്ഞില്ല. 

നാട്ടുകാർ പിന്നീടും നിരവധി പരാതികളാണ് നൽകിയത്. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ഇതുവഴി കടത്തിവിടരുതെന്ന് പോലീസും മോട്ടോർ വാഹന വകുപ്പും അറിയിപ്പ് നൽകിയിരുന്നു. മഴക്കാലങ്ങളിൽ റോഡിൽ മണ്ണിടിച്ചിൽ വർധിച്ചിരുന്നു. അറ്റകുറ്റ പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായതുമില്ല. പഞ്ചായത്തിന് ഈ റോഡ് തങ്ങൾ വിട്ടുനൽകിയെന്ന് അറിയിച്ച് വകുപ്പ് കയ്യൊഴിഞ്ഞു. പഞ്ചായത്ത്‌ ആകട്ടെ കൂടുതൽ ഫണ്ട് ചെലവിടേണ്ടി വരുമെന്നുള്ളതിനാൽ ഈ പാത ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടെ നാഥനില്ലാ റോഡായി ബൈപാസ് മാറിയിരിക്കുകയാണ്. ഇനി റോഡിന്റെ പുനർ നിർമാണം ആര് നടത്തുമെന്നുള്ളത് സംബന്ധിച്ച് പൊതു മരാമത്ത് വകുപ്പിനും പഞ്ചായത്തിനും ഉത്തരമില്ല.
أحدث أقدم