തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം സംസ്ഥാനസമതിയില്‍ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നായിരുന്നു ജയരാജന്റെ വിമര്‍ശനം. മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും പി ജയരാജന്‍ സംസ്ഥാനസമിതി യോഗത്തില്‍ പറഞ്ഞു.
ശശിയുടെ നിയമനത്തെ യോഗത്തില്‍ ജയരാജന്‍ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തു. ശശിക്ക് എതിരെ എന്തിന്റെ പേരിലാണോ നടപടികള്‍ സ്വീകരിച്ചത്. അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുകളില്‍ നിയമനം നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ജയരാജന്‍ പറഞ്ഞു.
താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് തന്റെ കൈവശം തെളിവുകളുണ്ടെന്ന് ജയരാജന്‍ യോഗത്തില്‍ അറിയിച്ചു. എന്നിട്ട് എന്തുകൊണ്ടാണ് ഈ തെളിവുകള്‍ നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചില്ല. നിയമനം നടത്തുമ്പോഴാണോ ഇത്തരം കാര്യങ്ങള്‍ അറിയിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞപ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ കാര്യങ്ങള്‍ വരുമ്പോഴല്ലേ മറുപടി പറയാന്‍ കഴിയുമെന്നായിരുന്നു ജയരാജന്റെ മറുപടി.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തീരുമാനിച്ചത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചുമതലകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കണ്‍വീനറായിരുന്ന എ വിജയരാഘവന്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വിജയരാഘവന്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിനേശന്‍ പുത്തലത്തിനെ തീരുമാനിച്ചു. പത്രാധിപരായിരുന്ന പി രാജീവ് മന്ത്രിയായതിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ചുമതല വഹിച്ചിരുന്നത്.
കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക പത്രാധിപരാകും. ചിന്ത പബ്ലിഷേഴ്‌സിന്റെ ചുമതല സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിനാണ്. പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായ എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എകെജി പഠന ഗവേഷണ കേന്ദ്രം, ഇഎംഎസ് അക്കാദമി എന്നിവയുടെ ചുമതലകള്‍ വഹിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.