നരേന്ദ്ര മോദി-ബൈഡന്‍ കൂടിക്കാഴ്ച ഇന്ന്; യുക്രെയ്ന്‍ ചര്‍ച്ചയാകും





ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടക്കുന്നത്.

ആഗോള പ്രശ്നങ്ങള്‍, ദക്ഷിണേഷ്യയിലെ സമീപകാല സംഭവങ്ങള്‍, ഉഭയകക്ഷി സഹകരണം എന്നീ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, യുക്രെയ്നിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു യു.എസില്‍നിന്നുള്ള സമീപകലാ പ്രസ്താവനകള്‍. ബൈഡന്‍ ഭരണകൂടത്തിലെ റഷ്യന്‍ ഉപരോധത്തിന്റെ പ്രധാന ശില്പിയായ യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് അടുത്തിടെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നേരത്തെ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. യുക്രെയ്ന്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരെ നിലപാട് സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം മുറുകിയതിനിടെയായിരുന്നു അത്.

أحدث أقدم