തിരു.: കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നതിന്റെ തെളിവുകള്‍ പുറത്ത്. മൂന്നിരട്ടി ഉയര്‍ന്ന വിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ട് എന്ന ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്ന വിവരാവകാശ വിവരങ്ങളാണ് പുറത്തു വന്നത്.
വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ സി. ആര്‍. പ്രാണകുമാറാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്‌റോണ്‍ എന്ന കമ്പനി പിപിഇ കിറ്റ് കൊടുത്തത് 450 രൂപയ്ക്കായിരുന്നു. 2020 മാര്‍ച്ച് 29 നാണ് കെയ്‌റോണില്‍ നിന്നും കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം, അതായത് 2020 മാര്‍ച്ച് 30 നാണ് സാന്‍ഫാര്‍മയില്‍ നിന്നാണ് കിറ്റ് വാങ്ങിയത്. വില 1550 രൂപയായിരുന്നു.
സാന്‍ഫാര്‍മ അടക്കമുള്ള കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രിയും കെ. കെ. ശൈലജയും തോമസ് ഐസക്കും അംഗീകാരം നല്‍കിയ നോട്ട് ഫയലാണ് പുറത്തു വന്നിരിക്കുന്നത്. രേഖകള്‍ പ്രകാരം 16-04-2020 നാണ് ഇത് സംബന്ധിച്ച് നോട്ട് ഫയലില്‍ അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ നിബന്ധനകള്‍ പ്രകാരം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കൊവിഡ് കാല പര്‍ച്ചേഴ്‌സ് നടത്താന്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. ഇതു പ്രകാരമാണ് മന്ത്രി ശൈലജ ടീച്ചര്‍ ഇതു സംബന്ധിച്ച ഫയലിന് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും ഇതില്‍ ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്.