ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; 113 യാത്രക്കാരും 9 ജീവനക്കാരും ഇറങ്ങിയോടി

 


ബെയ്ജിങ്: 113 യാത്രക്കാരും 9 ജീവനക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം ടേക്ക് ഓഫിനിടെ തീപിടിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിൽ ചോങ് ഖോങ്ങിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ടിബറ്റ് എയർലൈൻസിൻ്റെ A319 വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും തീപിടിക്കുകയുമായിരുന്നു. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചെറിയ പരിക്കുകളേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടിബറ്റൻ എയർലൈൻസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെ 36 പേർക്ക് നിസാര പരിക്കുകൾ സംഭവിച്ചതായും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായും സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സിഎഎസി) അറിയിച്ചു. ചൈനയിലെ ചോങ്‌കിംഗ്-ജിയാങ്‌ബെയ് ഇന്റർനാഷണൽ എയർപോർട്ടിലാണ് വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് നടുക്കുന്ന അപകടമുണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സങ്കേതിക തകരാർ മനസിലാക്കിയ പൈലറ്റ് വിമാനം ടേക്ക് ഓഫ് നിർത്തിയതോടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയും തീ പിടിക്കുകയുമായിരുന്നു. തീ പടരും മുൻപ് എല്ലാ യാത്രക്കാർക്കും വിമാനത്തിൽ നിന്നും പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായെന്ന് ഏവിയേഷൻ അധികൃതർ പറഞ്ഞു. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങിയോടുന്നതും വിമാനം പൂർണമായി കത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെത്തുടർന്ന് എഞ്ചിൻ സ്‌ക്രാപ്പിലേക്ക് തീ പടരുകയായിരുന്നുവെന്ന് സിഎഎസി പ്രസ്താവനയിലൂടെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തീപിടിച്ച വിമാനത്തിന് പത്ത് വർഷത്തെ പഴക്കമുണ്ടെന്ന് വിദേശ മാധ്യമങ്ങൾ അറിയിച്ചു. ചൈനയുടെ ഉപകമ്പനിയാണ് ടിബറ്റ് എയർലൈൻസ്. ചൈന ഈസ്റ്റേൺ എയർലൈൻസ് (600115.SS) വിമാനം തകർന്ന് രണ്ട് മാസം തികയുന്നതിന് മുൻപാണ് വീണ്ടും അപകടമുണ്ടായത്.


Previous Post Next Post