ഗുവാഹത്തി: അസമിൽ കനത്ത മഴയേത്തുടർന്നുണ്ടായ പ്രളയത്തിൽ 27 ജില്ലകളിലായുള്ള 6.6 ലക്ഷം ആളുകൾക്ക് നാശനഷ്ടമുണ്ടായതായി സംസ്ഥാനം. ഇതുവരെ ഒൻപത് പേർക്ക് ജീവഹാനി സംഭവിച്ചതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
മൺസൂണിന് മുന്നോടിയായുള്ള മഴയെ തുടർന്നാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായത്. സംസ്ഥാനത്ത് 48,000 ആളുകളെയാണ് 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഹോജായ്, കച്ചർ എന്നീ ജില്ലകളിലാണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്. ഈ ജില്ലകളിലായി ഓരോ ലക്ഷം ആളുകൾക്ക് വീതമാണ് നാശമുണ്ടായിരിക്കുന്നത്.
കരസേന, പാരാ മിലിട്ടറി സേന, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവ സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹോജായ് ജില്ലയിൽ കുടുങ്ങിയ രണ്ടായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദിമാ ഹസാവോയിലേക്കുള്ള റോഡ്, റെയിൽ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഞായറാഴ്ച മുതൽ ബരാക് താഴ്‌വരയിലേക്കും ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റിയും പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും കനാലുകളും തകർന്നവയിൽ ഉൾപ്പെടുന്നു. വൻതോതിലുള്ള ഉരുൾപൊട്ടലും വെള്ളക്കെട്ടും മൂലം മലയോര പ്രദേശത്ത് റെയിൽവേ ട്രാക്ക്, പാലങ്ങൾ, റോഡ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.
വരുന്ന നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് ഗുവാഹത്തിയിലെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും അസമിന് നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. താൻ ഇതിനകം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.