ബംഗളൂരു : നടുറോഡിൽ പെൺകുട്ടികൾ സ്കൂൾ യൂണിഫോമിൽ തമ്മിലടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ബംഗളൂരുവിലാണ് സ്കൂൾ വിദ്യാർത്ഥിനികൾ തമ്മിലടിച്ചത്. സ്വകാര്യ സ്കൂളിന് പുറത്തുള്ള റോഡിൽ വച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പെൺകുട്ടികൾ തമ്മിൽ തലമുടിയിൽ പിടിച്ചു വലിക്കുകയും തള്ളുകയും മറ്റും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
നിരവധി പെൺകുട്ടികളാണ് അക്രമാസക്തരായി തമ്മിലടിക്കുന്നത്. അതിനിടെ ചില ആൺകുട്ടികൾക്കും മർദ്ദനം ലഭിക്കുന്നതായി കാണാൻ സാധിക്കും. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വൈകാതെ തന്നെ വൈറലായി മാറുകയായിരുന്നു.
മർദ്ദനത്തിൽ പലരും ഉറക്കെ കരയുകയും ചെയ്യുന്നത് കാണാൻ സാധിക്കും. യൂണിഫോം ധരിക്കാത്ത പെൺകുട്ടികളും മർദ്ദനത്തിന് ഇരയാക്കിയിട്ടുണ്ട്. അതേസമയം, ചിലർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യത്തിൽ കാണാൻ സാധിക്കും. കൂട്ടത്തിലൊരു പെൺകുട്ടി ബേസ് ബോൾ എടുത്ത് മറ്റൊരാൾക്ക് നേരെ എറിയുകയും മർദ്ദിക്കുകയും ചെയ്യുന്നുണ്ട്.
പാതയോരത്തുള്ള പടികളിൽ നിന്നുകൊണ്ട് കുറച്ച് പെൺകുട്ടികൾ പരസ്പരം തള്ളുന്നതും പരസ്പരം മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്. സാധാരണക്കാർ ഇതെല്ലാം കണ്ട് നിൽക്കുന്നതും കാണാൻ സാധിക്കും. വഴിയോരത്ത് കാറുകളും മറ്റും നിർത്തിയിട്ടിരിക്കുന്നതിന്റെ അടുത്ത് വച്ചായിരുന്നു മർദ്ദനം. അതേസമയം, ഈ കൂട്ടയടിക്ക് പിന്നിലുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
നേരത്തേയും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതുപോലെ തന്നെ അടുത്തിടെ സ്കൂൾ വിദ്യാർത്ഥിനികൾ തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.