അസാനി എത്തുന്നു; ബം​ഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് മഴ




തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വൈകിട്ടോടെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത്തിൽ വീശാവുന്ന അസാനി ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.

അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടും. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. 

ആന്ധ്ര ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വൈകിട്ടോടെ അസാനി ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കരതൊടാതെ കടന്നുപോകും. തിങ്കളാഴ്ച ആഡ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. പശ്ചിമബംഗാളിലും കൊൽക്കത്തയിലും മഴ മുന്നറിയിപ്പുണ്ട്.
Previous Post Next Post