താലിബാൻ കൊലപ്പെടുത്തിയ ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം വട്ടവും പുലിസ്റ്റർ; പുരസ്കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങൾക്ക്


ന്യൂയോർക്ക്: താലിബാൻ ഭീകരരുടെ കൈയ്യാൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം വട്ടവും പുലിസ്റ്റർ പുരസ്കാരം. നാല് ഫോട്ടോഗ്രാഫർമാർക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഡാനിഷ് സിദ്ദിഖിക്ക് പുറമെ, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് ദുരിതത്തിന്റെ നേർകാഴ്ച പകർത്തിയതിനാണ് പുരസ്കാരം. റഷ്യൻ അധിനിവേശം നടക്കുന്ന യുക്രൈന്റെ പ്രശ്നങ്ങൾ പുറംലോകത്ത് എത്തിയ ഫോട്ടോഗ്രാഫർമാർക്ക് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. ജനുവരി 6ന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിൻവാങ്ങൽ, ഫ്ലോറിഡയിലെ സർഫ്‌സൈഡ് കോണ്ടമിനിയം തകർച്ച എന്നിവയെക്കുറിച്ചുള്ള കവറേജുകൾക്കും പ്രത്യേക പരാമർശത്തിന് അർഹമായിരുന്നു. മറ്റ് വിജയികൾ, 2021 ജനുവരി ആറിനുണ്ടായ ക്യാപിറ്റോൾ ആക്രമണത്തിന്റെ റിപ്പോർട്ടിങ്ങിൽ വാഷിങ്ടൺ പോസ്റ്റും പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. 2018ലാണ് നേരത്തെ പുരസ്കാരത്തിന് അർഹനായത്. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയതിനാണ് പുരസ്കാരത്തിന് അർഹരായിരുന്നു. കഴിഞ്ഞ ജൂലൈ 16നാണ് അഫ്ഗാനിസ്ഥാനിൽ വച്ച് 38കാരനായ ഡാനിഷ് കൊല്ലപ്പെട്ടത്. അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് ഒപ്പം പാക് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആയിരിക്കവെയാണ് അദ്ദേഹം മരിച്ചത്. യു എസ് സൈന്യം അഫ്‍ഗാൻ ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ അതിർത്തികളിൽ സംഘർഷം രൂക്ഷമായിരുന്നു. താലിബാൻ വെടിവെയ്‍പ്പിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഒന്നാം അഫ്‍ഗാൻ യുദ്ധം, ഹോങ്കോംഗ് പ്രതിഷേധം എന്നിവയ്ക്കൊപ്പം ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങളും ഡാനിഷ് സിദ്ദിഖി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് അവിടെ നിന്നുതന്നെ മാസ് കമ്മ്യൂണിക്കേഷനിലും ബിരുദം നേടുകയായിരുന്നു. ടിവി റിപ്പോർട്ടറായി പ്രവർത്തനം തുടങ്ങിയ സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയായിരുന്നു. പിന്നീട്, 2010ൽ ആണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലേക്ക് ഡാനിഷ് സിദ്ദിഖി എത്തുന്നത്.

Previous Post Next Post