ആദിശ്രീയ്ക്ക് പിന്നാലെ ശ്യാമയും യാത്രയായി; ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്

പത്തനംതിട്ട: ഗുരുതരമായി പൊള്ളലേറ്റ മകൾക്ക് പിന്നാലെ മാതാവും മരിച്ചതോടെ ആറന്മുളയിൽ മൂക ബധിര ദമ്പതികളുടെ വീട്ടിൽ മരണം രണ്ടായി. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലാടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28) ആണ് ശനിയാഴ്ച ഉച്ചക്ക് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തീ പൊള്ളലേറ്റ മൂക ബധിര കുടുംബത്തിലെ മകൾ നാല് വയസുകാരി ആദിശ്രീ വെള്ളിയാഴ്ച ആണ് മരിച്ചത്. അഗ്നി ബാധയിൽ പരുക്കേറ്റിരുന്ന ഭർത്താവും മാതാപിതാക്കളും നേരത്തെ ആശുപത്രി വിട്ടിരുന്നു. എന്നാൽ സംഭവം ദുരൂഹമാണെന്നും ആരോപണമുണ്ട്. ഭർത്താവ് അരുൺ ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ ഗാർഹിക പീഡന കുറ്റം ചുമത്തി കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ശ്യാമയുടെ രക്ഷിതാക്കൾ നേരത്തെ തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മരിച്ച അമ്മയ്ക്കും മകൾക്കും അറുപത് ശതമാനത്തിലധികം പൊള്ളൽ ശരീരത്തിൽ ഉണ്ടായിരുന്നു. മകളുടെ മരണ ശേഷവും മാതാവ് ശ്യാമയുടെ ജീവൻ നില നിർത്താനുള്ള പരിശ്രമത്തിലായിരുന്നു ആശുപത്രി അധികൃതർ. ഒരാഴ്ച മുൻപാണ് രാത്രി ആറന്മുളയിലെ ബധിര-മൂക ദമ്പതികളുടെ വീട്ടിൽ തീ പടർന്നത്. പുലർച്ചെ 3നാണ് ഇരുനില വീടിന്റെ മുകളിലെ മുറിയിൽ തീ പടർന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തീപടർന്ന മുറിയിൽ ശ്യാമയും മകൾ ആദിശ്രീയുമാണ് കിടന്നിരുന്നത്. മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീ പടർന്നത് കണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഭർത്താവ് അരുണും അച്ഛനും അമ്മയും വാതിൽ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് പോലീസിന് മൊഴി നൽകിയിരുന്നത്. രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് അരുണിനു പൊള്ളലേറ്റത് എന്നും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പൊള്ളലേറ്റവരെ അരുണിന്റെ പിതാവ് വിശ്വനാഥനേയും മാതാവ് രുക്മിണിയേയും ആദ്യം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ശ്യാമ സംഭവത്തിന് ഏതാനും ദിവസം മുൻപാണ് സ്വന്തം വീട്ടിൽ പോയ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയത്. തീപടർന്നതിനെ തുടർന്ന് മുകളിലെ നിലയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരുടെ ഉൾപ്പെടെ സഹായത്തോടെ കൂടുതൽ വിശദമായ പരിശോധനകൾ പോലീസ് നടത്തിയിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ആറന്മുള പോലിസ്.
Previous Post Next Post