മഴ ശക്തം: കൊച്ചി നഗരം വെള്ളക്കെട്ടിൽ, 'ബ്രേക്ക് ത്രൂ'വും ഫലം കണ്ടില്ല


കൊച്ചി : ശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിൻ്റെ ദുരിതപ്പിടിയിലായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതു ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മഴ തുടരുന്നത് കൊച്ചിയെ വെള്ളപ്പൊക്ക ഭീഷണയിലാക്കുന്നുണ്ട്.
എറണാകുളം നഗരത്തിലെ പനമ്പള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങള്‍, മറൈന്‍ ഡ്രൈവ്, ഉദയാനഗര്‍ ഉള്‍പ്പെടെ വെള്ളത്തിലായി. നഗര പരിധിക്കു പുറത്തു തൃപ്പൂണിത്തുറ പേട്ട ജംക്ഷന്‍, കിഴക്കേക്കോട്ട, തോപ്പുംപടി, കുണ്ടന്നൂര്‍, മരട് എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളത്തിലായി. പശ്ചിമകൊച്ചിയില്‍ പള്ളുരുത്തിയില്‍ ചില പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നിരവധി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി. 
ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഇന്ന് രാവിലെ വരെ ശക്തമായിരുന്നു. രാവിലെ മഴ കൂടുതല്‍ ശക്തമായി. ഇതിനിടെ കാനകളും ഓടകളും നിറഞ്ഞ് ഏതാണ്ടെല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ രാവിലെ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയവര്‍ കനത്ത മഴയില്‍ കുളിച്ചു. പലയിടത്തും കാന തുറന്നിട്ട് അടച്ചിടാത്തതിനാല്‍ കാല്‍നടക്കാരും ദുരിതത്തിലായി. റോഡിന് വശങ്ങളിലൂടെ നടന്നു പോകാന്‍ ശ്രമിച്ചവര്‍ വഴി കാണാനാകാതെ കുടുങ്ങി. ചിലയിടങ്ങളില്‍ കടകളില്‍ വെള്ളം കയറിത്തുടങ്ങിയതോടെ കടകള്‍ അടച്ചിട്ടു.

പശ്ചിമ കൊച്ചിയില്‍ മുണ്ടം വേലി അടക്കമുള്ള മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായി. തോപ്പുപടി മേഖലയിലും വെള്ളക്കെട്ടാണ്. എറണാകുളം നഗരത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സമീപമുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കടവന്ത്ര മേഖലയിലെ പല ഭാഗങ്ങളും വെള്ളത്തിലാണ്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ, ബസുകള്‍ സ്റ്റാന്‍ഡിന് പുറത്തു നിര്‍ത്തി യാത്രക്കാരെ കയറ്റി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി. കലൂര്‍ പേരണ്ടൂര്‍ കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള ജേര്‍ണലിസ്റ്റ് കോളനി, ജിസിഡിഎയുടെ എല്‍ഐജി ക്വാര്‍ട്ടേഴ്‌സിന്റെ താഴത്തെ നില എന്നിവിടങ്ങളില്‍ വെള്ളം കയറി.

പശ്ചിമ കൊച്ചിയിലും മഴക്കെടുതി രൂക്ഷമായിരുന്നു. മട്ടാഞ്ചേരി തിരുമല ദേവസ്വം ബോര്‍ഡ് അമ്പലവളപ്പില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നു നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിൻ്റെ ഭാഗമായി കൊച്ചിയില്‍ കാനകളും മറ്റും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനു നടപടി എടുത്തിരുന്നു. എന്നാല്‍ കനത്ത മഴ തുടര്‍ന്നതോടെ ഇതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് മനസിലാകുന്നത്. ശാസ്ത്രീയമായി വെള്ളം ഒഴുകിപ്പോകാന്‍ നടപടി സ്വീകരിക്കാത്തതാണ് വെള്ളപ്പൊക്കം തുടരാന്‍ കാരണമെന്നാണ് ആരോപണം.
Previous Post Next Post