മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഖത്തറിലെത്തി


ദോഹ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഖത്തർ സന്ദർശനത്തിന് ഞായറാഴ്‍ച തുടക്കമായി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മന്ത്രി ഖത്തറിലെത്തിയത്​. ​ഞായറാഴ്‍ച ഉച്ചയ്‍ക്ക് ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള  ഉന്നത സംഘവും ചേര്‍ന്ന് സ്വീകരിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30ന് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.സി.സി അശോകഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം മന്ത്രിക്ക് സ്വീകരണം നൽകും. വിവിധ സംഘനകളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഈ സ്വീകരണ പരിപാടി നടക്കുന്നത്​. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ശൂറാ കൗൺസിൽ അധ്യക്ഷന്‍ ഹസൻ ബിൻ അബ്‍ദുല്ല അൽ ഗാനിം എന്നിവരുമായി വി. മുരളീധരന്‍ ഔദ്യോഗിക ​കൂടിക്കാഴ്‍ച നടത്തും. ​തിങ്കളാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 2.30ന്​ ദോഹ എക്സിബിഷൻ ആന്റ്​ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ്​ എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്‍ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം ആറ് മണിക്ക്​ അൽ വക്റയിൽ ഇന്ത്യൻ മത്സ്യതൊഴിലാളികളുമായി സംവദിക്കും. രാത്രി 7.30ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്‍റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫിന്റെ​ നേതൃത്വത്തിലാണ് ഇന്ത്യൻ തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്​. ചൊവ്വാഴ്‍ച രാവിലെ 11 മണിക്ക് ഖത്തര്‍ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ്​ ബിൻ അലി സ്‍റ്റേഡിയവും അദ്ദേഹം സന്ദർശിക്കും.

Previous Post Next Post