ഭര്‍ത്താവിനെ കുടുക്കാന്‍ മുന്‍ പഞ്ചായത്ത് അംഗം വാഹനത്തില്‍ MDMA ഒളിപ്പിച്ച കേസ് ; ഒരാള്‍ കൂടി അറസ്റ്റിൽ
ഇടുക്കി: ഭര്‍ത്താവിനെ കുടുക്കാന്‍ എല്‍ഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. 

കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തില്‍ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്‌. ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രമിച്ച സംഭവത്തില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു. സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാള്‍ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചു നല്‍കുകയായിരുന്നു.

സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നല്‍കിയ ഷാനവാസ്, ഷെഫീന്‍ ഷാ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്റെ സഹായികളായിരുന്നു ഷാനവാസും ഷെഫീന്‍ ഷായും. ഗള്‍ഫിലുള്ള കാമുകന്‍റെ ആസൂത്രണം അനുസരിച്ചാണ് കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേര്‍ന്ന് യുവതിയ്ക്ക് കൈമാറുകയായിരുന്നു. .

മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടന്‍മേട് പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവര്‍ക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നല്‍കിയ ശ്യാം റോഷ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വണ്ടന്‍മേട് എസ്‌എച്ച്‌ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാന്‍സാഫ് അംഗങ്ങളായ മഹേശ്വരന്‍, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളില്‍ ഒരാളായ സൗമ്യയുടെ കാമുകന്‍ വിദേശത്തുള്ള വിനോദ് രാജേന്ദ്രന്‍ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച്‌ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരികാണെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post